സായിദ് വിമാനത്താവളം യാത്രക്കാർക്ക് യാസ് മാളിൽ ചെക്ക് ഇൻ സൗകര്യം
text_fieldsഅബൂദബി: സായിദ് വിമാനത്താവളം വഴി യാത്രചെയ്യുന്നവർക്ക് യാസ് മാളിൽ ചെക്ക് ഇൻ സൗകര്യം ഏർപ്പെടുത്തി. ഇത്തിഹാദ്, എയർ അറേബ്യ വിമാനങ്ങളിൽ ടിക്കറ്റെടുത്തവർക്കാണ് മാളിലെത്തി ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാനാവുക. യാസ് മാളിലെ ഫെറാറി വേൾഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആസ്വദിക്കാൻ കഴിയുന്ന വിധമാണ് യാസ് മാളിലെ ചെക്ക് ഇൻ സംവിധാനമെന്ന് അധികൃതർ അറിയിച്ചു.
യാസ് മാളിലെ താഴത്തെ നിലയിൽ ദി ഫൗണ്ടൻസിലാണ് ചെക്ക് ഇൻ കൗണ്ടർ പ്രവർത്തിക്കുക. രാവിലെ പത്തു മുതൽ രാത്രി പത്തുവരെ ഈ കേന്ദ്രം സജീവമായിരിക്കും. 12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് 35 ദിർഹം ചെക്ക് ഇൻ ഫീസ് നൽകണം. യാത്രക്കാർ 12 വയസ്സിന് താഴെയാണെങ്കിൽ 25 ദിർഹമാണ് നിരക്ക്. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 15 ദിർഹം നൽകണം. മുൻകൂട്ടി ബുക്കിങ് ആവശ്യമില്ല.

