ചാര്‍ട്ടേഡ് വിമാന-കപ്പല്‍ സര്‍വിസ് എം.ഡി.സി പ്രതിനിധികള്‍ യു.എ.ഇയില്‍
text_fieldsമലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ഭാരവാഹികളെ ദുബൈ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
റാസല്‍ഖൈമ: യു.എ.ഇയില്‍നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന-കപ്പല്‍ സര്‍വിസുകള്‍ തുടങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (എം.ഡി.സി) ഭാരവാഹികള്‍ ദുബൈയില്‍.
മിതമായ നിരക്കില്‍ ചാര്‍ട്ടേഡ് യാത്രക്കപ്പല്‍ -വിമാന സര്‍വിസ് സാധ്യത മനസ്സിലാക്കാനും പ്രവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് എം.ഡി.സി ചെയര്മാന് ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി അറിയിച്ചു.
ഗള്‍ഫ് പ്രവാസികളുടെ യാത്രാ ദുരിതത്തില്‍ അയവ് വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാറിന് മുന്നില്‍ എം.ഡി.സി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളോട് അനുകൂല സമീപനമാണ് മുഖ്യമന്ത്രിയും തുറമുഖ വകുപ്പും സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍-കൊച്ചി-ദുബൈ യാത്രാ കപ്പല്‍ സര്‍വിസ് തുടങ്ങുന്നതിന് ചില കപ്പല്‍ കമ്പനികള്‍ സന്നദ്ധമായിട്ടുണ്ട്. ഇതിനൊപ്പം ചാര്‍ട്ടേഡ് വിമാന സര്‍വിസ് തുടങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്കാണ് എം.ഡി.സി പ്രതിനിധിസംഘം യു.എ.ഇയിലെത്തിയത്.
പ്രമുഖ വ്യക്തിത്വങ്ങള്‍, ട്രാവല്‍സുകള്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്മിറ്റി, കപ്പല്‍-വിമാന കമ്പനി അധികൃതര്‍ തുടങ്ങിയവരുമായി നടത്തുന്ന ചര്‍ച്ചയില്‍ ഈ രംഗത്ത് എം.ഡി.സി നടത്തിയ സാധ്യത പഠനങ്ങള്‍ അവതരിപ്പിക്കും. കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാന-കപ്പല്‍ സര്‍വിസുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ യത്നിക്കുമെന്നും ചാക്കുണ്ണി വ്യക്തമാക്കി. അയ്യപ്പന്, ജോബ് കൊള്ളന്നൂര്‍ എന്നിവരാണ് ചെയര്‍മാനൊപ്പം യു.എ.ഇയിലെത്തിയ എം.ഡി.സി അംഗങ്ങളെന്ന് യു.എ.ഇ കണ്‍വീനര്‍ സി.എ. ബ്യൂട്ടി പ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

