സി.എച്ച് സെന്ററുകള്‍ ജീവകാരുണ്യത്തിന്റെ ജനകീയ കേന്ദ്രങ്ങൾ -സാദിഖലി തങ്ങള്‍
text_fieldsതൃശൂര്‍ മെഡിക്കല്‍ കോളജിനടുത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന സി.എച്ച് സെന്ററിന്റെ രൂപരേഖ
അനാച്ഛാദന ചടങ്ങിൽ സംസാരിക്കുന്ന സാദിഖലി ശിഹാബ് തങ്ങള്‍
ദുബൈ: കേരളം ദര്‍ശിച്ച മികച്ച രാഷ്ട്രീയ ബുദ്ധിജീവിയായ സി.എച്ച്. മുഹമ്മദ് കോയയുടെ നാമധേയത്തില്‍ കേരളത്തിലെങ്ങും പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററുകള്‍ ജീവകാരുണ്യത്തിന്റെ ജനകീയ കേന്ദ്രങ്ങളായി മാറിയതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സാധാരണക്കാരന്റെ അത്താണിയാണ് സി.എച്ച് സെന്ററുകള്‍.
ജാതി മത രാഷ്ട്രീയം നോക്കാതെ നിരവധിയാളുകളാണ് സി.എച്ച് സെന്ററിലേക്ക് സഹായമെത്തിക്കുന്നത്. സി.എച്ച് എന്ന ദാര്‍ശനികനായ നേതാവിന്റെ ജനകീയ മനസ്സും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ ദര്‍ശനവുമാണ് സി.എച്ച് സെന്ററുകള്‍ക്ക് വഴിയൊരുക്കിയത്. കേരളത്തില്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന സി.എച്ച് സെന്ററുകള്‍ ആരോഗ്യ മേഖലയില്‍ വമ്പിച്ച വിപ്ലവമുണ്ടാക്കിയതായും സാദിഖലി തങ്ങള്‍ പറഞ്ഞു.
തൃശൂര്‍ മെഡിക്കല്‍ കോളജിനടുത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന സി.എച്ച് സെന്ററിന്റെ രൂപരേഖ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാനും മറ്റും സൗകര്യങ്ങളും സി.എച്ച് സെന്ററില്‍ ഒരുക്കും.
സി.എച്ച് സെന്ററില്‍ ആജീവനാന്ത മെംബര്‍ഷിപ് എടുത്തിട്ടുള്ള യു.എ.ഇയിലെ അംഗങ്ങളുടെ ഒത്തുചേരലും അവര്‍ക്കുള്ള മെംബര്‍ഷിപ് വിതരണവും നടന്നു. തൃശൂര്‍ സി.എച്ച് സെന്റര്‍ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്, വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്മാന്, നാഷനല്‍ ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്, തൃശൂര്‍ സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി പി.എം. അമീര്‍, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ. ഹാറൂണ്‍ റഷീദ്, സെക്രട്ടറിമാരായ പി.കെ. ഷാഹുല്‍ഹമീദ്, ഉസ്മാന് കല്ലാട്ടയില്‍, സംഘാടകസമിതി ചെയര്മാന് ജമാല്‍ മനയത്ത്, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ചക്കനാത്ത്, ഓര്‍ഗനൈസര്‍ ഗഫൂര്‍ പട്ടിക്കര, കണ്‍വീനര്‍ അന്‍വര്‍ കൈപ്പമംഗലം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

