അബൂദബിയിൽ ബാന്‍ഡുകള്‍ക്കും ട്രൂപ്പുകള്‍ക്കും സർട്ടിഫിക്കറ്റ്
text_fieldsഅബൂദബി: ഇനി തോന്നുംപോലെ ബാന്‍ഡുകള്‍ക്കും ട്രൂപ്പുകള്‍ക്കും അബൂദബിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനാവില്ല. അബൂദബിയുടെ പൈതൃകസംസ്കാരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സാംസ്കാരിക ടൂറിസം വകുപ്പ് ബാന്‍ഡ് സര്‍ട്ടിഫിക്കറ്റ് സംവിധാനം നടപ്പാക്കി.
എമിറേറ്റില്‍ നടക്കുന്ന എല്ലാവിധ കലാപരിപാടികളും അബൂദബിയുടെ സംസ്കാര പൈതൃകത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇമാറാത്തി സംസ്കാരത്തിന്റെ ആധികാരിക പ്രതിനിധാനം ഉറപ്പാക്കുന്നതിനായാണ് സര്‍ട്ടിഫിക്കറ്റ് സംവിധാനം ടൂറിസം അതോറിറ്റി പ്രഖ്യാപിച്ചത്. ബാന്‍ഡുകളും ട്രൂപ്പുകളും അവതരിപ്പിക്കുന്ന പരമ്പരാഗത കലകള്‍ സൂക്ഷ്മ മൂല്യനിര്‍ണയം നടത്തിയ ശേഷമാവും സര്‍ട്ടിഫിക്കറ്റ് നല്‍കുക. പരമ്പരാഗത ബാന്‍ഡുകളുടെയും ട്രൂപ്പുകളുടെയും ഔദ്യോഗിക, ആഘോഷവേളകളിലെ പ്രകടനങ്ങള്‍ ഇതിലൂടെ നിയന്ത്രിക്കും.

