സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ: വ്യാജ വാഗ്ദാനം നൽകി ആറ് ലക്ഷം ദിർഹം തട്ടി
text_fieldsഅബൂദബി: വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്ത് തരാമെന്നും രാജ്യത്തിന് പുറത്തുള്ള സർവകലാശാലകളിൽ പ്രവേശനം നേടിത്തരാമെന്നും വാഗ്ദാനം ചെയ്ത് ഇമെയിൽ മുഖേന നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഇത്തരം വാഗ്ദാനം നൽകി വൻ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിനൽകാൻ ആവശ്യപ്പെട്ട് യു.എ.ഇ പൗരന്മാർക്കും രാജ്യത്തെ വിദേശികൾക്കും തട്ടിപ്പ് ഇ^മെയിലുകൾ വരുന്നുണ്ടെന്ന് കുറ്റാന്വേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ താരീഖ് ഖൽഫാൻ ആൽ ഗൗൽ പറഞ്ഞു.
വ്യാജ സേവനം വാഗ്ദാനം ചെയ്ത് 627,600 ദിർഹത്തിെൻറ തട്ടിപ്പ് നടത്തിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എല്ലാ കേസുകളിലും തട്ടിപ്പ് നടത്തിയത് വിദേശത്ത് താമസിക്കുന്നവരാണ്. പണം കിട്ടിക്കഴിഞ്ഞാൽ പിന്നെ ഇവരുടെ ഒരു വിവരവുമുണ്ടാകില്ലെന്നും താരീഖ് ഖൽഫാൻ ആൽ ഗൗൽ കൂട്ടിച്ചേർത്തു.
ഒരു ഇമാറാത്തി വനിതയോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഒമ്പത് ലക്ഷം ദിർഹമാണ് ആവശ്യപ്പെട്ടത്. ഇതിൽ 531,000 ദിർഹം ഇവർ കൈമാറി. വിദേശ സർവകലാശാലയിൽനിന്ന് നേടിയ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മൊറോക്കൻ പൗരനാണ് തട്ടിപ്പിന് ഇരയായ മറ്റൊരാൾ. 2014ൽ നേടിയ ബിരുദ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് േവണ്ടി ഇയാൾ 80,000 ദിർഹമാണ് നൽകിയത്. ഒാൺലൈൻ വഴി ലഭിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്തണമെന്നും ഇക്കാര്യത്തിൽ രാജ്യത്തെ ഉദ്യോഗസ്ഥരോട് നേരിട്ട് ആശയവിനിമയം നടത്തണമെന്നും താരീഖ് ഖൽഫാൻ ആൽ ഗൗൽ നിർദേശിച്ചു.