ജയ്വാൻ കാർഡ് പുറത്തിറക്കാൻ സുസജ്ജം -സെൻട്രൽ ബാങ്ക്
text_fieldsദുബൈ: യു.എ.ഇയിൽ ഇന്ത്യൻ കറൻസിയിൽ പണമിടപാട് സാധ്യമാക്കുന്ന ജെയ്വാൻ കാർഡ് പ്രാദേശികമായും ആഗോള തലത്തിലും പുറത്തിറക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറായെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) അറിയിച്ചു. സെന്ട്രൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്മെന്റ്സ് ആണ് കാർഡ് പുറത്തിറക്കുന്നത്.
വ്യക്തികളായ ഇടപാടുകാർക്കും കമ്പനികൾക്കും പണമിടപാട് നടത്തുമ്പോഴുണ്ടാകുന്ന ചെലവുകൾ കുറക്കാൻ ജയ്വാൻ കാർഡിലൂടെ കഴിയും. യു.എ.ഇയുടെ ഡിജിറ്റൽ പരിവർത്തന നയത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ പ്രാദേശിക ഡെബിറ്റ് കാർഡ് പദ്ധതിയാണ് ജയ്വാൻ. ഡിജിറ്റൽപണമിടപാട് രംഗത്ത് ആഗോളതലത്തിൽ മുൻനിര രാജ്യമെന്ന യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്താൻ പുതിയ പദ്ധതി പിന്തുണയേകും.
ജയ്വാൻ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ തന്നെ രാജ്യത്തുടനീളമുള്ള ബാങ്കിങ് സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എ.ടി.എം ശൃംഖലകളിലുടനീളം ജയ്വാൻ കാർഡിനെ സംയോജിപ്പിച്ചതായി അജ്മാൻ ബാങ്കും പ്രഖ്യാപിച്ചിരുന്നു.
ഈ രംഗത്ത് ഇതുമായി ബന്ധപ്പെട്ട് ആദ്യ പ്രഖ്യാപനം നടത്തുന്നത് അജ്മാൻ ബാങ്കാണ്. കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾ പ്രാദേശികവത്കരിക്കാനുള്ള യു.എ.ഇയുടെ പദ്ധതിയുടെ ഭാഗമാണ് ജയ്വാൻ കാർഡെന്ന് ബാങ്കിങ് ഓപറേഷൻസ് ആൻഡ് സപോർട്ട് അസിസ്റ്റൻസ് അസി. ഗവർണറും അൽ ഇത്തിഹാദ് പേയ്മെന്റ് ചെയർമാനുമായ സെയ്ഫ് ഹുമൈദ് അൽ ദാഹിരി പറഞ്ഞു.
അടുത്ത ഘട്ടം രാജ്യത്തിന്റെ എല്ലാ ഉപഭോക്താക്കൾക്കും ജയ്വാൻ കാർഡ് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡെബിറ്റ്, ക്രഡിറ്റ്, പ്രിപെയ്ഡ്, കാർഡുകളുടെ രൂപത്തിൽ ജെയ്വാൻ കാർഡുകൾ ലഭ്യമാവും. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കൽ കൂടാതെ ഓൺലൈൻ ഇടപാടുകൾക്കും ജെയ്വാൻ കാർഡുകൾ ഉപയോഗിക്കാം. സെയിൽസ് ടെർമിനലുകളിലെ ഇടപാടുകൾക്ക് പോയിന്റുകളും ലഭിക്കും.
സാംസങ് വാലറ്റിൽ കാർഡ് ഉപയോഗിക്കുന്നതിനായി അൽ ഇത്തിഹാദ് സാംസങ് ഗൾഫ് ഇലക്ട്രോണിക്സുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. അടുത്ത ഘട്ടം ഗൂഗ്ൾ പേ, ആപ്പിൾ പേ എന്നിവയും ഉൾപ്പെടുത്തും. വൈകാതെ ജി.സി.സി രാജ്യങ്ങളിലുടനീളം ജയ്വാൻ കാർഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

