ദുബൈയിൽ വായു ഗുണമേന്മ പരിശോധിക്കാൻ കേന്ദ്രം
text_fieldsജബൽ അലിയിൽ ആരംഭിച്ച വായു ഗുണമേന്മ പരിശോധന കേന്ദ്രം
ദുബൈ: ലോക പരിസ്ഥിതി ദിനത്തിൽ ദുബൈയിൽ പുതിയ വായു ഗുണമേന്മ പരിശോധന കേന്ദ്രം തുറന്നു. 101 തരം വായു മലിനീകരണങ്ങൾ കണ്ടെത്താൻ കഴിയുന്ന നിരീക്ഷണ കേന്ദ്രമാണ് ജബൽ അലിയിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്തത്. ‘ദുബൈ ജീവിത ഗുണമേന്മ നയം 2033’ ന്റെ ഭാഗമായുള്ള ആദ്യ സ്ഥിര വായു ഗുണമേന്മ പരിശോധന കേന്ദ്രം നിർമിച്ചത് 20 ലക്ഷം ദിർഹം ചെലവഴിച്ചാണ്.
വ്യാപകമായ വ്യവസായ, ചരക്കുനീക്ക പ്രവർത്തനങ്ങൾ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്താൻ കഴിയും. ദേശീയ, പ്രാദേശിക പരിസ്ഥിതി നയം രൂപപ്പെടുത്താനും പുതുക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും കൃത്യമായ ഇടവേളകളിൽ ശരിയായ വിവരങ്ങൾ കൈമാറാനും കേന്ദ്രത്തിന് കഴിയും.
ദേശ നിവാസികളുടെ ജീവിത ഗുണമേന്മ വർധിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നിരീക്ഷണ കേന്ദ്രം.
പരിസ്ഥിതി സുസ്ഥിരതയും ജീവിതത്തിന്റെ ഗുണമേന്മയും ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് പോർട്സ്, കസ്റ്റംസ്, ആൻഡ് ഫ്രീ സോൺ കോർപറേഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നാസർ അൽ നിയാദി ഉദ്ഘാടന പരിപാടിയിൽ പറഞ്ഞു. ഡി.പി വേൾഡ് ജി.സി.സി മാനേജിങ് ഡയറക്ടറും സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ അബ്ദുല്ല ബിൻ ദമിതാൻ, ഡി.പി വേൾഡ് ജി.സി.സി പാർക്സ് ആൻഡ് സോൺസ് ചീഫ് ഓപറേറ്റിങ് ഓഫിസർ അബ്ദുല്ല അൽ ഹാഷിമി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
16 ചതുരശ്ര മീറ്ററിൽ 11 സെൻസറുകൾ ഉൾക്കൊള്ളുന്ന ഉപകരണമാണ് സ്ഥാപിച്ചത്. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പുവരുത്താൻ അധികൃതർക്ക് യഥാസമയം കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്രത്തിന് കഴിയുമെന്ന് ആസൂത്രണ, വികസന വകുപ്പ് സി.ഇ.ഒ എൻജിനീയർ അബ്ദുല്ല ബെൽഹൂൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

