ഷാർജയിൽ സെൻസസ്: ഉദ്യോഗസ്ഥർ ഇന്നുമുതൽ വീടുകളിലെത്തും
text_fieldsഷാർജ: ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ വ്യാഴാഴ്ച മുതൽ വീടുകളിലെത്തും.പരിശീലനം ലഭിച്ച മുന്നൂറോളം ഉദ്യോഗസ്ഥരാണ് വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നത്. കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
നവംബർ 20 വരെ ഒരുമാസമാണ് ഷാർജയിൽ ജനസംഖ്യ, സ്ഥിതിവിവര കണക്കെടുപ്പ് നടക്കുക. ഇതിനായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റിന്‍റെ തിരിച്ചറിയൽ രേഖയും മേൽവസ്ത്രങ്ങളും ധരിച്ച ഉദ്യോഗസ്ഥർ ഓരോ വീട്ടിലും സ്ഥാപനങ്ങളിലുമെത്തും. ഗൃഹനാഥന്‍റെ രാജ്യം, വീട്ടിലെ അംഗങ്ങളുടെ എണ്ണം, അവരുടെ പ്രായം, വിദ്യാഭ്യാസ-തൊഴിൽ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കുടുംബത്തിൽനിന്ന് ശേഖരിക്കുക.
സ്വയം പൂരിപ്പിക്കേണ്ട ഫോമുകൾ ഏതുഭാഷയിൽ വേണമെന്ന വിവരവും ഉദ്യോഗസ്ഥർ ആരായും.കെട്ടിടങ്ങളുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ഇതോടൊപ്പം ശേഖരിക്കും. കെട്ടിടം താമസത്തിനുള്ളതാണോ, വാണിജ്യ ആവശ്യത്തിനുള്ളതാണോ, നിലകളുടെ എണ്ണം, മുറികളുടെ എണ്ണം, പ്രവേശന കവാടങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെടുക.
സെൻസസിന്‍റെ അടുത്തഘട്ടത്തിൽ ഓരോരുത്തരും സ്വയം ഫോറം പൂരിപ്പിച്ച് നൽകണം. 180 ലേറെ രാജ്യക്കാർ താമസിക്കുന്ന ഷാർജയിൽ അറബിക്കും ഇംഗ്ലീഷിനും പുറമെ, ഓരോരുത്തരും സംസാരിക്കുന്ന ഭാഷയിൽ ഫോറം നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധികൃതർ പറഞ്ഞു. സെൻസസിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കണക്കെടുപ്പ് ഫലം അടുത്ത മാർച്ചിലാണ് ഭരണാധികാരിക്ക് സമർപ്പിക്കുക.ഷാർജയുടെ സമഗ്രമായ വികസനം ആസൂത്രണം ചെയ്യാൻ സെൻസസിലെ വിവരങ്ങൾ സുപ്രധാനമാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

