സെലിബ്രിറ്റികളുടെ 'സമ്മേളനം'
text_fieldsവെള്ളിയാഴ്ച പുലർച്ച മൂന്നിന് എക്സ്പോ അവസാനിച്ചപ്പോൾ മഞ്ഞിൽകുളിച്ച സസ്റ്റൈനബിലിറ്റി ഗേറ്റിന് മുന്നിൽ എക്സ്പോ ഡയറക്ടർ റീം അൽ
ഹാഷിമിയും സംഘവും
സെലിബ്രിറ്റികളുടെ ഒഴുക്കായിരുന്നു എക്സ്പോയിലേക്ക്. പാട്ടുപാടിയും നൃത്തം ചെയ്തും ട്രാക്കിലിറങ്ങിയും ക്ലാസെടുത്തും പരിശീലനം നൽകിയും ചാരിറ്റിയിലേർപ്പെട്ടും അവർ എക്സ്പോയുടെ ഖ്യാതി ലോകത്തേക്ക് മുഴുവൻ വ്യാപിപ്പിച്ചു.
വി.ഐ.പികളിൽ മുമ്പിൽ നിൽക്കുന്നത് ഉസൈൻ ബോൾട്ടാണ്. എക്സ്പോയിലെ സ്പോർട്സ്, ഫിറ്റ്നസ് ആൻഡ് വെൽബീയിങ് ഹബിലെത്തിയ ബോൾട്ട് അൽ നൂർ റിഹാബിലിറ്റേഷൻ ആൻഡ് വെൽഫെയർ അസോസിയേഷന് വേണ്ടി നിശ്ചയദാർഢ്യ വിഭാഗക്കാർക്കുള്ള ചാരിറ്റിയിലും പങ്കെടുത്തു. ഇതിനായി 1.45 കിലോമീറ്റർ ഫാമിലി റണ്ണിലും ഓടിയ ശേഷമാണ് ബോൾട്ട് മടങ്ങിയത്. മുന്നറിയിപ്പില്ലാതെയാണ് ലയണൽ മെസി എത്തിയത്. അൽവസ്ൽ ഡോമിൽ ആരാധകരുമായി സംവദിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിയത്.
രാഷ്ട്രനേതാക്കളിൽ ഏറ്റവും പ്രധാന സന്ദർശനം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ വരവായിരുന്നു. ഗൾഫ് സന്ദർശനത്തിനിടെ ഒമാനിൽനിന്ന് നേരിട്ട് യു.എ.ഇയിലെത്തിയ സൽമാനെ സൗദി പവിലിയൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എക്സ്പോയിലെ ഏറ്റവും മികച്ച പവിലിയനായി തെരഞ്ഞെടുക്കപ്പെട്ടതും സൗദിയാണ്. മൊണാക്കോ രാജകുമാരൻ ആൽബർട്ട് രണ്ടാമനും എത്തിയിരുന്നു.
മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള എക്സ്പോയിലെത്തി കുട്ടികൾക്ക് പരിശീലനം നൽകി. ലോകത്തിലെ ഏറ്റവും മികച്ച കോച്ച് എന്നറിയപ്പെടുന്ന പെപ്പുമായുള്ള കൂടിക്കാഴ്ച കുട്ടികൾക്ക് ഹരമായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള പ്രമുഖ സെലിബ്രിറ്റികളിൽ ഒരാളായാണ് ദീപിക പദുക്കോൺ എത്തിയത്. മമ്മൂട്ടി, മാധവൻ തുടങ്ങിയവരും എക്സ്പോക്ക് താരപരിവേഷമുണ്ടാക്കി. സമി യൂസുഫിന്‍റെയും ഫത്തേഹ് അലിഖാന്‍റെയും സംഗീത പരിപാടിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് ടീം ഒന്നടങ്കം മഹാനഗരിയിൽ എത്തിയിരുന്നു.
ന്യൂസിലൻഡ് ക്രിക്കറ്റ് ടീം മുൻ നായകൻ സ്റ്റീഫൻ ഫ്ലമിങ്, ലബനീസ് നടി നദൈൻ ലബകി, അമേരിക്കൻ നടനും സംവിധാനയകനും തിരക്കഥാകൃത്തും നിർമാതാവുമായ ബ്രയാൻ ക്രാൻസ്റ്റൺ, ലബനീസ് ഗായകരായ നാൻസി അജ്റാം, റഗബ് അലാമ, ഈജിപ്ഷ്യൻ സൂപ്പർതാരം അമർ ദിയാബ്, പ്രശസ്ത നടി വനീസ കിർബി, പാകിസ്താൻ ഗായകൻ അലി സഫർ, ഇറാഖി താരം കാദിം അൽ സഹിർ, ആഴ്സനൽ കോച്ച് മൈക്കൽ ആർട്ടെറ്റ, ദക്ഷിണാഫ്രിക്കൻ നടിമാരായ നൊംസാമോ എംബാത്ത, സോസിബിനി ടുൻസി, ഇറ്റാലിയൻ താരം ആെന്ദ്ര ബൊസെല്ലി, ചൈനീസ് പിയാനിസ്റ്റ് ലാങ് ലാങ്, സൗദി നടൻ ഖാലിസ് അൽഖലെദി, കുവൈത്ത് ഇൻഫ്ലുവൻസർ നോഹ നബീൽ എന്നിവരെല്ലാം എക്സ്പോയുടെ ഭാഗമായിരുന്നു.
ലോകനേതാക്കളുടെ ഒഴുക്ക്
192 രാജ്യങ്ങളുടെയും പ്രതിനിധികൾ പലതവണയായി എക്സ്പോയിൽ എത്തി. പ്രസിഡന്റ്, പ്രധാനമന്ത്രി, കിരീടാവകാശി തുടങ്ങിയവർ മുതൽ ഓരോ പ്രവിശ്യകളുടെയും ഭരണാധികാരികൾ പോലും ഇവിടേക്കെത്തി. എക്സ്പോയിലായിരുന്നു യു.എ.ഇ ഭരണാധികാരികളുമായി കൂടുതൽ പേരും കൂടിക്കാഴ്ച നടത്തിയത്. മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ ഇത് ഉപകരിച്ചു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുതൽ വില്യം രാജകുമാരൻ വരെയുള്ള നീണ്ട നിര എക്സ്പോ സന്ദർശിച്ചു. കേരളത്തിൽ നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തെയും സ്വീകരിച്ചത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ ചേർന്നാണ്. യു.എ.ഇ മന്ത്രിസഭ പലതവണ ചേർന്നത് എക്സ്പോയിലെ യു.എ.ഇ പവിലിയനിലായിരുന്നു. ലോകപൊലീസ് ഉച്ചകോടിക്കും സാക്ഷ്യം വഹിച്ചു. ലോക ഗവൺമെന്റ് ഉച്ചകോടിയോടെയാണ് മഹാമേള അവസാനിച്ചത്.
ലോകത്തിന്റെ പലഭാഗങ്ങളിലുള്ള സംരംഭകരും രാഷ്ട്രനേതാക്കളും ഇതിൽ പങ്കെടുത്തിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികളും ഇവിടെയെത്തി. ഓരോ രാജ്യങ്ങളുടെയും ദേശീയദിനം എക്സ്പോയിൽ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും നിരവധി പരിപാടികൾക്കാണ് എക്സ്പോ വേദിയൊരുക്കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാഭ്യാസ വിദഗ്ധർ ക്ലാസുകൾ നയിക്കാനെത്തി. അധ്യാപകർക്കായുള്ള പ്രത്യേക പരിശീലന കളരിയും അരങ്ങേറി. ലോക വിദ്യാഭ്യാസ മേളക്കും എക്സ്പോ സാക്ഷ്യം വഹിച്ചു. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയാണ് എക്സ്പോ വിദ്യാർഥികളെ ക്ഷണിച്ചത്. വിദ്യാഭ്യാസത്തിനൊപ്പം വിനോദവും സമ്മേളിച്ചപ്പോൾ മഹാനഗരിയിലേക്ക് കുട്ടികൾ സന്തോഷത്തോടെ ഒഴുകിയെത്തി.

