ആഘോഷങ്ങൾ വാക്സിനെടുത്തവർക്ക് മാത്രം
text_fieldsദുബൈ: യു.എ.ഇയിലെ ആഘോഷപരിപാടികൾ വാക്സിനെടുത്തവർക്ക് മാത്രമാക്കുമെന്ന് ആരോഗ്യ മേഖല വക്താവ് ഡോ. ഫരീദ അൽ ഹൊസനി പറഞ്ഞു. കൂടാതെ, 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് ഫലം ഹാജരാക്കണം. രാജ്യത്ത് ആഘോഷ പരിപാടികൾക്ക് അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് നയം വ്യക്തമാക്കിയത്.
കല, കായിക, സാംസ്കാരിക, സാമൂഹിക പരിപാടികൾക്ക് ഈ നിബന്ധന ബാധകമാണ്. അൽ ഹൊസൻ ആപ് ഡൗൺലോഡ് ചെയ്യുകയും ഇതിൽ 'ഇ' ചിഹ്നം ലഭിക്കുകയും വേണം. രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം 28ാം ദിവസമാണ് 'ഇ' ചിഹ്നം ലഭിക്കുക. എന്നാൽ, ഏഴ് ദിവസത്തേക്ക് മാത്രമേ 'ഇ' ചിഹ്നം ഉണ്ടാവൂ. വീണ്ടും 'ഇ' ലഭിക്കാൻ പി.സി.ആർ പരിശോധന നടത്തണം. നെഗറ്റിവ് പരിശോധന ഫലം ലഭിച്ചത് മുതൽ ഏഴ് ദിവസത്തേക്ക് വീണ്ടും 'ഇ' ലഭിക്കും. പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് 'ഇ' ചിഹ്നം നിർബന്ധമാണ്. 48 മണിക്കൂർ മുമ്പുള്ള പരിശോധന ഫലവുമുണ്ടെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കൂ. ജൂൺ ആറ് മുതലാണ് നിബന്ധന പ്രാബല്യത്തിൽ വരുക.
വിവാഹം, ഹോട്ടലിലെ ആഘോഷങ്ങൾ, സംഗീത പരിപാടികൾ തുടങ്ങിയവക്കും അനുമതി നൽകി. ജീവനക്കാരും വാക്സിനെടുക്കണം. റസ്റ്റാറൻറുകളിലും കഫെകളിലും ഷോപ്പിങ് മാളുകളിലും 70 ശതമാനം ശേഷിയോടെ തത്സമയ ആഘോഷ പരിപാടികൾ നടത്താം. ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാം. എന്നാൽ, മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധം. ഹാളുകളിലെയും ഹോട്ടലുകളിലെയും വിവാഹ പരിപാടികൾക്ക് 100 പേരെ വരെ പങ്കെടുപ്പിക്കാം. വീട്ടിലെ വിവാഹാഘോഷത്തിന് 30 പേർക്ക് മാത്രമാണ് അനുമതി. റസ്റ്റാറൻറുകളുടെ ഒരു ടേബ്ളിന് ചുറ്റും 10 പേർക്ക് വരെ ഇരിക്കാം. കോഫി ഷോപ്പുകളിൽ ഒരു ടേബ്ളിൽ ആറു പേർ അനുവദനീയം.
ബാറുകൾ തുറക്കാനും അനുമതി നൽകി. കായിക പരിപാടികൾക്ക് ഗാലറിയുടെ 70 ശതമാനം ശേഷി വരെ കാണികളെ അനുവദിക്കാം. നേരത്തേ ഇത് 30 ശതമാനമായിരുന്നു. ഇൻഡോർ മത്സരങ്ങൾക്ക് പരമാവധി 1500 പേർക്കും ഔട്ട്ഡോർ മത്സരങ്ങൾക്ക് 2500 പേർക്കുമാണ് അനുമതി.
78.11 ശതമാനം ജനങ്ങൾക്ക് വാക്സിനെടുത്തതായി ഡോ. ഫരീദ പറഞ്ഞു. പ്രായമായവരിൽ 85 ശതമാനം പേരും വാക്സിനെടുത്ത് കഴിഞ്ഞു.ലോകത്ത് ജനസംഖ്യയുമായി താരതമ്യം ചെയ്യുേമ്പാൾ ഏറ്റവും കൂടുതൽ വാക്സിൻ ഡോസുകൾ വിതരണം ചെയ്തത് യു.എ.ഇയിലാണ്. 100 പേരിൽ 124.31 എന്നതാണ് യു.എ.ഇയിലെ അനുപാതം. ഇസ്രായേലിനെയാണ് മറികടന്നത്. ഇതുവരെ 12.29 ദശലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

