നാടൻ കലകളുടെ ആഘോഷം; ശ്രീരാഗ് കലോത്സവം ഇന്ന്
text_fieldsശ്രീരാഗ് കലോത്സവത്തിന് മുന്നോടിയായി ദുബൈ
ഇത്തിസാലാത്ത് അക്കാദമി മൈതാനത്ത് നടന്ന റിഹേഴ്സൽ
ദുബൈ: കേരളത്തിലെമ്പാടുമുള്ള നാടൻ കലകൾ സംഗമിക്കുന്ന ശ്രീരാഗ് കലോത്സവം ഞായറാഴ്ച ദുബൈ ഇത്തിസാലാത്ത് അക്കാദമി മൈതാനത്ത് അരങ്ങുതകർക്കും. ആഘോഷത്തിന്റെ വിളംബരം മുഴക്കി ശനിയാഴ്ച രാത്രി നടന്ന റിഹേഴ്സലിൽ ആവേശക്കാഴ്ചകളുടെ ചിത്രം വ്യക്തമായിരുന്നു.
കലോത്സവത്തിന്റെ ഏറ്റവും മികച്ച കലാവിരുന്നായ ബാൻഡ് സെറ്റും ശിങ്കാരിമേളവുമെല്ലാം അരങ്ങേറിയ റിഹേഴ്സൽ ആസ്വാദകർക്കും ഹരം പകർന്നു. പ്രവാസികൾക്കിടയിലെ കലാകാരന്മാർക്ക് വേദികൾ ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീരാഗ് ഫ്രെയിംസാണ് പരിപാടിയുടെ സംഘാടകർ. ഞായറാഴ്ച രാവിലെ എട്ടുമുതൽ രാത്രി 11 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ നാടൻ കലകളുടെ സംഗമത്തിനുപുറമെ 14 ജില്ലകളിലെയും ഇഷ്ടഭക്ഷണവും ആസ്വദിക്കാം. ചെണ്ടമേളം, പഞ്ചരത്നകീർത്തനാലാപനം, മെഗാ തിരുവാതിര, ഒപ്പന, മാർഗംകളി, പുള്ളുവൻപാട്ട്, കളരിപ്പയറ്റ്, തെയ്യംതിറ, കരിങ്കാളിയാട്ടം, പരുന്താട്ടം, കുമ്മാട്ടിക്കളി, അലാമിക്കളി, ദഫ്മുട്ട്, കരകാട്ടം, കൈമുട്ടിക്കളി, പൂരക്കളി, കൊരമ്പ് നൃത്തം, മയൂരനൃത്തം, വഞ്ചിപ്പാട്ട്, ശാസ്ത്രീയ കലകളുടെ നൃത്താവിഷ്കാരം, സിനിമാറ്റിക് ഡാൻസ്, അർധ ശാസ്ത്രീയ നൃത്തങ്ങൾ എന്നിങ്ങനെ വേറിട്ട മുപ്പതോളം നാടൻ കലാരൂപങ്ങൾ അണിനിരക്കും.
തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം പ്രമാണിയായ കിഴക്കൂട്ട് അനിയൻ മാരാരുടെയും കലാമണ്ഡലം ശിവദാസിന്റെയും നേതൃത്വത്തിൽ യു.എ.ഇയിലെ പ്രശസ്തരായ 75 വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളവും അരങ്ങേറും. പരിപാടിക്കായി നിരവധി കലാകാരന്മാർ നാട്ടിൽനിന്ന് എത്തിച്ചേരുന്നുണ്ട്.
ഗായകൻ അനൂപ് ശങ്കറും സംഘവും ഒരുക്കുന്ന ഗാനമേളയും മഹേഷ് കുഞ്ഞുമോനും സംഘവും അവതരിപ്പിക്കുന്ന മിമിക്രിയും അരങ്ങേറും. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഇത്തിസാലാത്ത് അക്കാദമിയിലെ കൗണ്ടറിൽനിന്ന് ടിക്കറ്റുകൾ ലഭിക്കും.