വർണമഴയായി പുതുവത്സരാഘോഷം
text_fieldsദുബൈ ഫ്രെയിമിന് സമീപത്ത് വെടിക്കെട്ട് വീക്ഷിക്കുന്ന വൻ ജനാവലി
മലയോര മേഖലയായ ഹത്തയിലെ വെടിക്കെട്ട് ദൃശ്യം
ദുബൈ: മനസ്സും ശരീരവും തണുത്ത രാവിൽ നവവത്സരാഘോഷം കെങ്കേമമാക്കി യു.എ.ഇ നിവാസികൾ.
വർണമഴ തീർത്ത കരിമരുന്ന് പ്രേയാഗങ്ങളും ആഹ്ലാദ ശബ്ദങ്ങളും നിറഞ്ഞ രാജ്യത്തെ വിവിധ വേദികളിൽ ജനസാഗരങ്ങളാണ് ആഘോഷത്തിനായി തടിച്ചുകൂടിയത്. നഗരങ്ങളിൽ മാത്രമല്ല മലയോരമേഖലയായ ഹത്ത വരെ നീളുന്ന ആഘോഷരാവുകൾക്കാണ് ദുബൈ സാക്ഷ്യംവഹിച്ചത്. ദുബൈ ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി, 2026 ലെ പുതുവത്സരാഘോഷങ്ങൾക്കുള്ള സുരക്ഷാ പദ്ധതിയുടെ തയാറെടുപ്പുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു.
ദുബൈ ബുർജ് ഖലീഫയിലെ പുതുവത്സര രാവിലെ
കരിമരുന്ന് പ്രയോഗത്തിന്റെ ദൃശ്യം
55 സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ അടങ്ങുന്ന ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി ആഘോഷസ്ഥലങ്ങളിൽ ഏകോപന യോഗങ്ങളും ഫീൽഡ് സന്ദർശനങ്ങളും നടത്തിയിരുന്നു. ഇത്തവണ 48 വെടിക്കെട്ട് പ്രദർശനങ്ങൾ ഉൾപ്പെടുന്ന 40 സ്ഥലങ്ങളിലാണ് ആഘോഷത്തിനായി ഒരുക്കിയിരുന്നത്.
ബുർജ് ഖലീഫ ഏരിയ, ഗ്ലോബൽ വില്ലേജ്, ബാബ് അൽ ശംസ് ഡെസേർട്ട് റിസോർട്ട്, അറ്റ്ലാന്റിസ് ദി റോയൽ ഹോട്ടൽ, അൽ മർമൂം ഒയാസിസ്, എക്സ്പോ സിറ്റി, ദുബൈ ഫ്രെയിം, എമിറേറ്റ്സ് ഗോൾഫ് ക്ലബ്, ദുബൈ പാർക്സ് ആൻഡ് റിസോർട്ട്സ്, ഹത്ത തുടങ്ങിയ സ്ഥലങ്ങളിൽ ആയിരങ്ങൾ പുതുവൽസരത്തെ വരവേൽക്കാൻ ഒഴുകിയെത്തി. ദുബൈ എമിറേറ്റിലെ തൊഴിൽ കാര്യങ്ങൾക്കായുള്ള സ്ഥിരം സമിതിയുമായി സഹകരിച്ച്, ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി, തൊഴിലാളികൾക്ക് വെടിക്കെട്ട് കാണാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ, വ്യൂവിങ് സ്ക്രീനുകളും ഭക്ഷണവും സജ്ജീകരിച്ച നിയുക്ത സ്ഥലങ്ങൾ ഒരുക്കിയിരുന്നു.
എമിറേറ്റിലെ പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമാക്കാൻ 9,884 പൊലീസുകാരെയും 1,625 പൊലീസ് പട്രോളിങ്ങുകളെയുമാണ് അനുവദിച്ചിരുന്നത്.
കൂടാതെ 53 മറൈൻ സെക്യൂരിറ്റി, റെസ്ക്യൂ ബോട്ടുകൾ, 36 സൈക്കിളുകൾ, 34 മൗണ്ടഡ് പട്രോളിങ്ങുകൾ എന്നിവയുമുണ്ടായിരുന്നു. എമിറേറ്റിലെ വിവിധ സുപ്രധാന മേഖലകളിൽ, പ്രത്യേകിച്ച് ബുർജ് ഖലീഫക്ക് ചുറ്റുമുള്ള വാഹനങ്ങളുടെ ചലനവും സന്ദർശക ഗതാഗതവും നിരീക്ഷിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.
അപകടങ്ങളോ പ്രയാസങ്ങളോ ഇല്ലാതെ ആഘോഷചടങ്ങുകൾ പൂർത്തിയാക്കാൻ ഇത് സഹായിച്ചു. 14,000ത്തിലധികം ടാക്സികൾ, 18,000ത്തിലധികം ലിമോസിനുകൾ, ആഡംബര ഗതാഗത വാഹനങ്ങൾ, 1,300ലധികം ബസുകൾ എന്നിവയും മറ്റ് മാർഗങ്ങളും സർവിസ് നടത്തി.
ദുബൈ മെട്രോ റെഡ്, ഗ്രീൻ ലൈനുകളിലും ദുബൈ ട്രാമിലും കൂടുതൽ സമയം സർവിസുണ്ടായിരുന്നു. പുതുവത്സരാഘോഷ വേളയിൽ പൊതു ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി നീക്കിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

