സൗഹൃദ സന്ദേശം പകർന്ന് ഈദ് ആഘോഷം
text_fieldsദുബൈ മൻഖൂലിൽ നടന്ന ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് എത്തിയവർ
ദുബൈ: പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്‍റെയും സന്ദേശം ഉദ്ഘോഷിച്ച് യു.എ.ഇയിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്കാരത്തോടെയാണ് ഈദ് ദിനം ആരംഭിച്ചത്.
മാനവിക സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്ന് ഈദ് നമസ്കാരത്തിന് ശേഷം നടന്ന പ്രഭാഷണത്തിൽ പണ്ഡിതർ വിശ്വാസികളെ ഉൽബോധിപ്പിച്ചു. മനുഷ്യർക്കിടയിലെ വൈവിധ്യങ്ങൾ പരസ്പരം തിരിച്ചറിയാൻ മാത്രമുള്ളതാണെന്നും വിവേചനങ്ങൾ പാടില്ലെന്നും, ദൈവഭയം മാത്രമാണ് മഹത്വത്തിന്‍റെ അടിസ്ഥാനമെന്നും പ്രഭാഷകർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പെരുന്നാൾ നമസ്കാര ശേഷം ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും പരസ്പരം ആശംസകൾ കൈമാറുന്നത് കാണാമായിരുന്നു. ദുബൈ എമിറേറ്റിൽ ദേര, ബർദുബൈ, അൽഖൂസ്, ഖിസൈസ്, കറാമ, അവീർ, മൽഖൂൽ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പള്ളികളിലും ഈദ് ഗാഹുകളിലും നമസ്കാര സൗകര്യം ഒരുക്കിയിരുന്നു. പെരുന്നാൾ അവധിദിനങ്ങൾ ആഘോഷിക്കാനെത്തിയവരുടെ തിരക്ക് മിക്ക വിനോദ സഞ്ചാരകേന്ദ്രങ്ങളിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ദൃശ്യമായിരുന്നു. വരും ദിവസങ്ങളിലും സർക്കാർ-സ്വകാര്യ മേഖലകളിലുള്ളവർക്ക് അവധിയായതിനാൽ ഇത്തരം കേന്ദ്രങ്ങളിൽ തിരക്കു കുറയില്ലെന്നാണ് കരുതുന്നത്. ഞായറാഴ്ച റമദാൻ 30പൂർത്തിയാക്കിയാണ് ഇത്തവണ യു.എ.ഇയിൽ പെരുന്നാൾ വന്നെത്തിയത്. മിക്ക കോവിഡ് നിയന്ത്രണങ്ങളും നീക്കിയ സാ ഹചര്യത്തിൽ വരുംദിവസങ്ങളിലും മലായാളി കൂട്ടായ്മകളടക്കം വിവിധ സാംസ്കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
'ആദ്യത്തെ പെരുന്നാൾ' ആഘോഷമാക്കി ദുബൈ ഗ്ലോബൽ വില്ലേജ്
ദുബൈ: 26 സീസൺ പിന്നിടുന്ന ഗ്ലോബൽ വില്ലേജ് ചരിത്രത്തിൽ ആദ്യമായി പെരുന്നാൾ ദിനവും തുറന്നിരുന്നു. വെടിക്കെട്ട് ഉൾപെടെയുള്ള ആഘോഷത്തോടെയാണ് ആഗോള ഗ്രാമം പെരുന്നാളിനെ വരവേറ്റത്. അവധി ദിനമായതിനാൽ സന്ദർശകർ ഇവിടേക്ക് ഒഴുകിയെത്തി.
തണുപ്പുള്ള ആറ് മാസം തുറക്കുകയും ചൂടുകാലത്ത് അടച്ചിടുകയും ചെയ്യുന്നതാണ് ഗ്ലോബൽ വില്ലേജിന്‍റെ പതിവ്. റമദാൻ പകുതിയാകുന്നതോടെ കഴിഞ്ഞ വർഷങ്ങളിൽ അടച്ചിരുന്നു. എന്നാൽ, ഇക്കുറി ആദ്യമായി റമദാനിൽ പൂർണമായും തുറന്നിരിക്കാൻ തീരുമാനിക്കുകയായിരുന്നു. പെരുന്നാൾ ദിവസം വൈകുന്നേരം അഞ്ച് മുതൽ പുലർച്ച ഒന്ന് വരെ വില്ലേജിൽ ആഘോഷം നടന്നു.
അറബിക് സാംസ്കാരിക പരിപാടികളും പെരുന്നാൾ സ്പെഷ്യൽ ഭക്ഷണങ്ങളും അണിനിരന്നിരുന്നു. ഈദ് ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പം ഇക്കുറി നടത്തുന്നുണ്ട്.
മെയ് ആറിന് മുൻപ് ടിക്കറ്റെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഫോഡ് ബ്രോൺകോ എസ്.യു.വി കാറാണ്. വിജയിയെ മെയ് ഏഴിന് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

