എം.എസ്.എസിന് സി.ഡി.എയുടെ ഗോൾഡൻ പുരസ്കാരം
text_fieldsഎം.എസ്.എസ് ചെയർമാൻ ഫയ്യാസ് അഹമ്മദ്, ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത്, ട്രഷറർ അബ്ദുൽ മുത്തലിബ്, പി.എസ് നിസ്താർ എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിക്കുന്നു
ദുബൈ: ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) ഈ വർഷം സംഘടിപ്പിച്ച മികച്ച സംഘടനകൾക്കുള്ള ഗോൾഡൻ അവാർഡ് മോഡൽ സർവിസ് സൊസൈറ്റിക്ക് (എം.എസ്.എസ്) ലഭിച്ചു.
സി.ഡി.എയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 200ലധികം സംഘടനകളിൽ നിന്നും കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി നടത്തിയ കർശനമായ മൂല്യനിർണയ പ്രക്രിയയിലൂടെയാണ് മോഡൽ സർവിസ് സൊസൈറ്റിയെ ഈ അഭിമാനകരമായ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. എം.എസ്.എസ് ചെയർമാൻ ഫയ്യാസ് അഹമ്മദ്, ജനറൽ സെക്രട്ടറി ഷജിൽ ഷൗക്കത്ത്, ട്രഷറർ അബ്ദുൽ മുത്തലിബ്, പി.എസ് നിസ്താർ എന്നിവർ ചേർന്ന് ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഇസ്സ ബൂഹുമൈദ്, സഈദ് അൽ തായർ എന്നിവരിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
ദുബൈ സർക്കാർ തലത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സാമൂഹിക സേവന രംഗത്തും വനിത, വിദ്യാർഥി, യുവജന ശാക്തീകരണ മേഖലകളിലും സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് മോഡൽ സർവിസ് സൊസൈറ്റി. വെൽഫെയർ പ്രവർത്തനങ്ങൾ, എംപവർമെന്റ് പദ്ധതികൾ, സാമൂഹിക രംഗത്ത് സൃഷ്ടിച്ച ദീർഘകാല മാറ്റങ്ങൾ, അംഗങ്ങളുടെ ശാക്തീകരണം, സുസ്ഥിര വികസന പ്രവർത്തനങ്ങൾ, ദുബൈ ഗവൺമെന്റ് അതോറിറ്റികളുമായുള്ള സഹകരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സൂക്ഷ്മമായ വിശകലനത്തിലൂടെയാണ് എം.എസ്.എസിനെ ഈ അംഗീകാരത്തിന് തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

