വുഷു, തായ്ചി ആൻഡ് കിഗോങ് അസോസിയേഷന് സി.ഡി.എ അംഗീകാരം
text_fieldsവുഷു, തായ്ചി ആൻഡ് കിഗോങ് അസോസിയേഷന് സി.ഡി.എ അംഗീകാരം ലഭിച്ചതുമായി
ബന്ധപ്പെട്ട ചടങ്ങ്
ദുബൈ: യു.എ.ഇയിൽ വുഷു, തായ്ചി, കിഗോങ് കായികശാഖകളുടെ വളർച്ചക്കായി പ്രവർത്തിക്കുന്ന യു.എ.ഇ വുഷു, തായ്ചി ആൻഡ് കിഗോങ് അസോസിയേഷന് ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി(സി.ഡി.എ)യുടെ ഔദ്യോഗിക അംഗീകാരം. ഇതോടെ യു.എ.ഇയിൽ ചൈനീസ് മാർഷ്യൽ ആർട്സിന്റെ വികസനത്തിൽ ഒരു നിർണായക നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു.
അംഗീകാരത്തിന് പിന്നാലെ വുഷു, തായ്ചി, കിഗോങ് മേഖലയിൽ സാമൂഹിക പങ്കാളിത്തം വർധിപ്പിക്കാനും പ്രഫഷനൽ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇയിൽ പ്രവർത്തിക്കുന്ന മലയാളി വ്യവസായികളായ തൻവീർ റയ്യാൻ, മുഹമ്മദ് നഷാത്ത് എന്നിവർ അസോസിയേഷന്റെ സ്ഥാപക അംഗങ്ങളാണ്.
അസോസിയേഷൻ രൂപവത്കരണത്തിലും സംഘടനാപരമായ ഘടന സൃഷ്ടിക്കുന്നതിലും ഇരുവരും സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. മാസ്റ്റർ ജോൺ ഡുവാൽ ഡി ഡാംപിയറിന്റെ മാർഗനിർദേശങ്ങളാണ് അസോസിയേഷൻ രൂപവത്കരണത്തിന് അടിത്തറയായത്.
സ്കൂളുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വുഷു, തായ്ചി, കിഗോങ് പരിശീലന പരിപാടികൾ ആരംഭിക്കുകയും എല്ലാ പ്രായവിഭാഗങ്ങളിലെയും ആളുകളെ പങ്കെടുപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നത് അസോസിയേഷന്റെ പ്രധാന ലക്ഷ്യങ്ങളാണെന്ന് പ്രസിഡന്റ് ബസ്മ മുഹമ്മദ് ഹനാവി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
കഴിവുള്ള കായികതാരങ്ങളെ കണ്ടെത്താനും വികസിപ്പിക്കാനും സംവിധാനം ഒരുക്കുക, പരിശീലകരുടെയും കോച്ചുമാരുടെയും പരിശീലനവും സർട്ടിഫിക്കേഷനും ഉൾപ്പെടെ പദ്ധതികൾ വികസിപ്പിക്കുക, വനിതകൾ, യുവാക്കൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായി പ്രത്യേക പദ്ധതികൾ ആരംഭിക്കുക, സർക്കാർ സ്ഥാപനങ്ങൾ, സ്പോർട്സ് കൗൺസിലുകൾ, അന്താരാഷ്ട്ര ഫെഡറേഷനുകൾ എന്നിവയുമായി പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയും കൂട്ടായ്മയുടെ ലക്ഷ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

