സി.ബി.എസ്.ഇ ഒയാസിസ്: നിയമ നടപടിയിൽ പ്രതീക്ഷയർപ്പിച്ച് ഗൾഫിലെ സ്കൂളുകളും
text_fieldsഅബൂദബി: അഫിലിയേറ്റഡ് സ്കൂളുകൾക്ക് സി.ബി.എസ്.ഇ നിർബന്ധമാക്കിയ ഒാൺലൈൻ അഫിലിയേറ്റഡ് സ്കൂൾ ഇൻഫർമേഷൻ സിസ്റ്റത്തിൽ (ഒയാസിസ്) വിവരങ്ങൾ ചേർക്കാത്തതിന് പിഴ വിധിക്കപ്പെട്ട സ്കൂളുകൾ നിയമ നടപടിയെ പ്രതീക്ഷയോടെ കാണുന്നു. പിഴ വിധിച്ച നടപടിക്കെതിരെ അൺ എയ്ഡഡ് റെകഗനൈസ്ഡ് പ്രൈവറ്റ് സ്കൂൾസ് ആക്ഷൻ കമ്മിറ്റി അഡ്വ. പ്രമോദ് ഗുപ്ത മുഖേനയാണ് സി.ബി.എസ്.ഇ ചെയർമാന് വക്കീൽ നോട്ടീസ് അയച്ചത്. ഒയാസിസിെൻറ നിയമസാധുത തന്നെ നോട്ടീസ് ചോദ്യം ചെയ്യുന്നു. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് സെക്കൻഡറി, സീനിയർ സെക്കൻഡറി തലത്തിലുള്ള പരീക്ഷ നടത്തുന്ന സി.ബി.എസ്.ഇ ഒരു പരീക്ഷാ ബോർഡ് ആണെന്നും സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളുടെ സ്വയംഭരണാവകാശത്തിലേക്ക് കടന്നുകയാറാൻ അതിന് അവകാശമില്ലെന്നുമാണ് നോട്ടീസിൽ ഉന്നയിക്കുന്ന പ്രധാന വാദം.
ഗൾഫിലെ നിരവധി സ്കൂളുകൾക്കാണ് സി.ബി.എസ്.ഇ പിഴ വിധിച്ചിട്ടുള്ളത്. 20000 രൂപ മുതൽ 50000 രൂപ വരെ പിഴയുണ്ട്. അവസാന തീയതിയായ ആഗസ്റ്റ് 16 വരെ വിവരം നൽകാത്തവർക്ക് 20000 രൂപയാണ് പിഴ വിധിച്ചത്. തുടർന്നുള്ള ഒാരോ മാസത്തിനും 20000 വീതവുമാണ് പിഴ. ഒയാസിസ്^ഒന്ന് പ്രകാരം വിവരം നൽകാത്ത സ്കൂളുകൾ 50000 രൂപ പിഴ നൽകാനും നിർദേശിച്ചു. രണ്ടും മൂന്നും സ്കൂളുകളുള്ള മാനേജ്മെൻറുകൾക്ക് വലിയ പിഴയാണ് അടക്കേണ്ടി വന്നത്.
അതേസമയം, പല സ്കൂളുകളും പിഴ തുക ബന്ധപ്പെട്ട ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് തിരിച്ചുപിടിക്കാൻ നടപടി ആരംഭിച്ചു. രണ്ടോ മൂന്നോ തവണകളായാണ് തുക തിരിച്ചുപിടിക്കുന്നത്. ഇതോടെ ജീവനക്കാർക്ക് ഒന്നോ രണ്ടോ മാസത്തെ ശമ്പളമാണ് നഷ്ടമാകുന്നത്.
മേയ് ആദ്യ വാരത്തിലായിരുന്നു ഒയാസിസ്-രണ്ട് സി.ബി.എസ്.ഇ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയത്. ജൂലൈ 31 ആയിരുന്നു വിവരങ്ങൾ നൽകേണ്ട അവസാന തീയതിയായി ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീടിത് ആഗസ്റ്റ് 16 വരെ നീട്ടി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ മധ്യവേനൽ അവധി ആയിരുന്നതിനാലാണ് വിവരങ്ങൾ നൽകാൻ സാധിക്കാതിരുന്നതെന്ന് ജീവനക്കാർ പറയുന്നു. ഏപ്രിലിൽ അധ്യയനവർഷം ആരംഭിച്ചതിനാൽ അതുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ തിരക്കുണ്ടായിരുന്നതായും ഇവർ ചൂണ്ടിക്കാട്ടി.ഇതുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ നേരിട്ട് സർക്കുലർ അയക്കാതിരുന്നതും വിനയായി. ആഗസ്റ്റ് 16 വരെ തീയതി നീട്ടി നൽകിയതും വെബ്സൈറ്റിൽ അറിയിപ്പ് നൽകിയതല്ലാതെ സ്കൂളുകളെ നേരിട്ട് അറിയിച്ചിരുന്നില്ല.