സി.ബി.എസ്.ഇ അന്താരാഷ്ട്ര ബോർഡ് സ്ഥാപിക്കും -കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
text_fieldsകേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
ദുബൈ: ആഗോളതലത്തിൽ സി.ബി.എസ്.ഇ സിലബസിന് വർധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്ത് സി.ബി.എസ്.ഇക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസ ബോർഡ് ഉടൻ സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
യു.എ.ഇയിൽ കൂടുതൽ ഇന്ത്യൻ സിലബസ് സ്കൂളുകൾ തുറക്കാൻ യു.എ.ഇ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മികച്ച നിലവാരമുള്ള കൂടുതൽ ഇന്ത്യ സ്കൂളുകൾ യു.എ.ഇയിൽ തുറക്കാനുള്ള സാധ്യത തേടണമെന്ന് സി.ബി.എസ്.ഇ ബോർഡിനോട് ആവശ്യപ്പെടും. ഇന്ത്യൻ വംശജരായ മുഴുവൻ വിദ്യാർഥികളെയും ആപാറിന് കീഴിൽ കൊണ്ടുവരുമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ മുഴുവൻ സി.ബി.എസ്.ഇ വിദ്യാർഥികൾക്കും ആപാർ നിർബന്ധമാണ്. എന്നാൽ, യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് കൂടി ആപാർ നിർബന്ധമാക്കുന്നതിൽ വലിയ ആശങ്ക നിലനിന്നിരുന്നു. ആപാർ രജിസ്ട്രേഷന് ആധാർ നമ്പർ വേണമെന്നതാണ് വിദ്യാർഥികളെയും രക്ഷിതാക്കളേയും ആശങ്കയിലാഴ്ത്തിയത്.
കാരണം വിദേശത്ത് പഠിക്കുന്ന ഭൂരിഭാഗം സി.ബി.എസ്.ഇ വിദ്യാർഥികൾക്കും ആധാർ കാർഡില്ല. വിഷയം വാർത്തയായതോടെ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് ആപാർ രജിസ്ട്രേഷൻ നിർബന്ധമില്ലെന്ന് ബോർഡ് വ്യക്തത വരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

