ദുബൈ: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ മാറ്റിവെച്ചതിൽ ഗൾഫിലെ രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കയിൽ. വിദേശ സർവകലാശാലകളിലെ അധ്യയന വർഷം തുടങ്ങുന്നതിന് മുൻപ് പരീക്ഷ നടക്കുമോ എന്നതാണ് രക്ഷിതാക്കളുടെ പ്രധാന പേടി. അധ്യയന വർഷം തുടങ്ങുന്നതിന് മുൻപ് പരീക്ഷ നടത്തി ഫലം ലഭ്യമായില്ലെങ്കിൽ കുട്ടികളുടെ പ്രവേശനം അവതാളത്തിലാകും. മുൻ പരീക്ഷകളെ അടിസ്ഥാനമാക്കി മൂല്യ നിർണയം നടത്തി ഫലം പ്രഖ്യാപിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനാൽ ഇത്തരത്തിലായിരിക്കും ഫലപ്രഖ്യാപനം ഉണ്ടാവുക എന്നാണ് പ്രതീക്ഷ. എന്നാൽ, 12ാം ക്ലാസ് പരീക്ഷ റദ്ദാക്കാതെ മാറ്റിവെച്ചിരിക്കുന്നതിനാൽ വിദ്യാർഥികൾ അനിശ്ചിതാവസ്ഥയിലാണ്. ഗൾഫ് രാജ്യങ്ങളിലെ ഭൂരിപക്ഷം ഇന്ത്യൻ സ്കൂളുകളും സി.ബി.എസ്.ഇ സിലബസാണ് പിന്തുടരുന്നത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇവിടെ സി.ബി.എസ്.ഇ പരീക്ഷ എഴുതുന്നത്. കൂടുതൽ യൂനിവേഴ്സിറ്റികളിലും ക്ലാസ് ആരംഭിക്കുന്നത് സെപ്റ്റംബറിൽ ആയതിനാൽ ജൂണിലോ ജൂലൈയിലോ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചാലേ വർഷം നഷ്ടപ്പെടാതെ തുടർ പഠനം സാധ്യമാകൂ.
വിസ കാലാവധി കഴിയാറായ വിദ്യാർഥികളുടെ രക്ഷിതാക്കളും പ്രതിസന്ധിയിലായി. കുട്ടികളുടെ പരീക്ഷ കഴിഞ്ഞ് നാട്ടിലേക്കയക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഇവർ. ശമ്പളം വെട്ടിക്കുറക്കപ്പെട്ടും ജോലി നഷ്ടപ്പെട്ടും യു.എ.ഇയിൽ കഴിയുന്ന പല രക്ഷിതാക്കളും ചെലവ് ചുരുക്കലിെൻറ ഭാഗമായി കുട്ടികളുടെ തുടർവിദ്യാഭ്യാസം നാട്ടിലാക്കാൻ തീരുമാനിച്ചിരുന്നു. വീണ്ടും കൂടുതൽ തുക മുടക്കി വിസ പുതുക്കേണ്ട അവസ്ഥയിലാണിവർ. കൃത്യമായ കണക്കുകൂട്ടലോടെയാണ് പ്രവാസികൾ കുടുംബാംഗങ്ങളെ ഗൾഫിലേക്ക് കൊണ്ടുവരുന്നത്. കുടുംബത്തെ തിരിച്ചയക്കേണ്ട തീയതി കണക്കാക്കിയാണ് താമസ സ്ഥലങ്ങളുടെ കരാർ ഒപ്പുവെക്കുന്നത് പോലും.
ഒന്നോ രണ്ടോ മാസം താളം തെറ്റുന്നതോടെ വാടക കരാർ പുതുക്കുന്നതടക്കം പ്രതിസന്ധിയിലാകും. കുട്ടികളുടെ പരീക്ഷ കഴിയുന്നതോടെ കുടുംബത്തെ ഒന്നടങ്കം നാട്ടിലേക്ക് തിരിച്ചയക്കാൻ പദ്ധതിയിട്ടിരുന്നവരുടെ കണക്കുകൂട്ടലും അവതാളത്തിലാകും. കേരള സിലബസിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതും രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാൽ, ഒരു മാസം കഴിഞ്ഞ് പരീക്ഷ നടത്തിയതിനാൽ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.