സി.ബി.എസ്.ഇ ക്ലസ്റ്റർ ഗേൾസ് കബഡി: വൈസ് ഇന്ത്യൻ അക്കാദമി ചാമ്പ്യന്മാർ
text_fieldsസി.ബി.എസ്.ഇ യു.എ.ഇ ക്ലസ്റ്റർ ഗേൾസ് കബഡി ചാമ്പ്യൻഷിപ്പിൽ അണ്ടർ 14, അണ്ടർ 17 വിഭാഗങ്ങളിൽ കിരീടം ചൂടിയ വൈസ് ഇന്ത്യൻ അക്കാദമി ടീമുകൾ
അജ്മാൻ: സി.ബി.എസ്.ഇ യു.എ.ഇ ക്ലസ്റ്റർ ഗേൾസ് കബഡി ചാമ്പ്യൻഷിപ്പ് 2026 മെട്രോപൊളിറ്റൻ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ അജ്മാനിൽ നടന്നു. അണ്ടർ 14, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലായി 16 സ്കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. അണ്ടർ 14 വിഭാഗത്തിൽ വൈസ് ഇന്ത്യൻ അക്കാദമി ഒന്നാംസ്ഥാനം കരസ്ഥമാക്കി. റോയൽ അക്കാദമി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, മെട്രോപൊളിറ്റൻ ഇന്‍റർനാഷനൽ സ്കൂളും കോസ്മോപൊളിറ്റൻ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു. വൈസ് ഇന്ത്യൻ അക്കാദമിയിലെ സാൻവികയും ഹൃദ്യയും യഥാക്രമം ബെസ്റ്റ് പ്ലെയറായും ബെസ്റ്റ് റൈഡറായും തെരഞ്ഞെടുക്കപ്പെട്ടു.
അണ്ടർ 17 വിഭാഗത്തിലും വൈസ് ഇന്ത്യൻ അക്കാദമി ഒന്നാംസ്ഥാനം നേടി. ദ എമിറേറ്റ്സ് നാഷനൽ സ്കൂൾ ഷാർജയാണ് രണ്ടാംസ്ഥാനത്ത്. ആതിഥേയരായ മെട്രോപൊളിറ്റൻ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ, കോസ്മോപൊളിറ്റൻ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. ഈ വിഭാഗത്തിൽ വൈസ് ഇന്ത്യൻ അക്കാദമിയിലെ ആരാധ്യയാണ് ബെസ്റ്റ് പ്ലെയർ. എമിറേറ്റ്സ് നാഷനൽ സ്കൂളിലെ അർപിത ബെസ്റ്റ് റൈഡറായി.
അണ്ടർ 19 കാറ്റഗറിയിൽ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഷാർജക്കാണ് ഒന്നാം സ്ഥാനം. എമിറേറ്റ്സ് നാഷനൽ സ്കൂൾ ഷാർജ രണ്ടാംസ്ഥാനത്തെത്തിയപ്പോൾ അബൂദബി ഇന്ത്യൻ സ്കൂളും ഷൈനിങ് സ്റ്റാർ ഇന്‍റർനാഷനൽ സ്കൂൾ അബൂദബിയും മൂന്നാം സ്ഥാനം പങ്കിട്ടു. അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ അലീഷയാണ് ബെസ്റ്റ് പ്ലെയർ. ദ എമിറേറ്റ്സ് നാഷനൽ സ്കൂൾ ഷാർജയിലെ ഇവ ബെസ്റ്റ് റൈഡർ. മികച്ച പരിശീലകക്കുള്ള അവാർഡ് വൈസ് ഇന്ത്യൻ അക്കാദമിയിലെ അധ്യാപിക മാളവികക്കാണ്.
യു.എ.ഇ സി.ബി.എസ്.ഇ സ്പോർട്സ് കോഓഡിനേറ്ററും ഫ്യുചർ ഗേറ്റ് സ്കൂൾ പ്രിൻസിപ്പലുമായ മുഹമ്മദ് ആമീൻ ചാമ്പ്യൻഷിപ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മെട്രോപൊളിറ്റൻ എഡ്യൂക്കേഷനൽ മാനേജ്മെന്‍റ് സി.ഇ.ഒ ഡോ. അബ്ദുൽ മജീദ് വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

