സി.ബി.എസ്.ഇ 12ാം ക്ലാസ് പുനർമൂല്യനിർണയം; നേട്ടം കൊയ്ത് നിരവധി വിദ്യാർഥികൾ
text_fieldsപ്രതീകാത്മക എ.ഐ ചിത്രം
ദുബൈ: യു.എ.ഇ.യിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ പേപ്പറുകൾ പുനർമൂല്യനിർണയം നടത്തിയ വിദ്യാർഥികൾക്ക് മാർക്കിൽ വർധനവ്. പല വിദ്യാർഥികൾക്കും 20 മാർക്ക് വരെയാണ് വർധിച്ചത്. പരീക്ഷാ റദ്ദാക്കലുകളും മറ്റ് തടസ്സങ്ങളും നേരിട്ട അധ്യയന വർഷത്തിന് ശേഷം പുറത്തുവന്ന പുനർമൂല്യനിർണയ ഫലം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസമായി.
യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഫെബ്രുവരി 28ന് ശേഷമുള്ള ഭൂരിഭാഗം പരീക്ഷകളും റദ്ദാക്കിയിരുന്നു. ഇതിനാൽ, യു.എ.ഇ.യിലെയും മറ്റ് ജി.സി.സി. രാജ്യങ്ങളിലെയും വിദ്യാർഥികൾ എഴുതിയ പരീക്ഷകളുടെയും സ്കൂളിലെ ഇന്‍റേണൽ അസസ്മെന്റിന്റെയും അടിസ്ഥാനത്തിലാണ് മുമ്പ് ഗ്രേഡ് ചെയ്തിരുന്നത്. സി.ബി.എസ്.ഇയുടെ ഓൺലൈൻ സ്കാൻഡ് മാർക്കിങ് രീതിക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, പന്ത്രണ്ടാം ക്ലാസ് വെരിഫിക്കേഷൻ, പുനർമൂല്യനിർണയം എന്നിവയുടെ ആദ്യഘട്ട ഫലങ്ങൾ സി.ബി.എസ്.ഇ പ്രഖ്യാപിച്ചു. ലോകമെമ്പാടുനിന്നും ലഭിച്ച അപേക്ഷകളിൽ 87 ശതമാനത്തിലധികം അപേക്ഷകളും ബോർഡ് ഇതിനകം പരിഹരിച്ചു. സ്കൂളുകളിൽ നടത്തിയ പ്രായോഗിക പരീക്ഷകൾക്കോ പ്രോജക്ടുകൾക്കോ അല്ല, മറിച്ച് ബോർഡ് നടത്തിയ രേഖാമൂലമുള്ള പരീക്ഷകൾക്ക് മാത്രമാണ് ഈ പുനർമൂല്യനിർണയം ബാധകമാക്കിയിട്ടുള്ളത്.
ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പികൾ വാങ്ങി പരിശോധിച്ച ശേഷം വടക്കൻ എമിറേറ്റുകളിൽ നിന്നായി ഏകദേശം 937 വിദ്യാർഥികളാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചതെന്ന് ഷാർജ ഇന്ത്യൻ സ്കൂൾ ഡയറക്ടർ-പ്രിൻസിപ്പൽ ഡോ. പ്രമോദ് മഹാജൻ പറഞ്ഞു. ഭൂരിഭാഗം പേർക്കും വിചാരിച്ച രീതിയിൽ മാർക്ക് വർധിച്ചു. മാർക്ക് റീ-ചെക്കിങ്ങും റീ-ഇവാലുവേഷനും രണ്ട് ഘട്ടങ്ങളായാണ് നടന്നത്. പലർക്കും 11 മുതൽ 13 മാർക്ക് വരെ വർധിച്ചപ്പോൾ, മുമ്പ് തോറ്റ വിദ്യാർഥികളിൽ ചിലർ ഇതോടെ പരീക്ഷ ജയിക്കുകയും ചെയ്തു.
‘തങ്ങളുടെ സ്കൂളുകളിൽ ഡിപാർട്ട്‌മെന്‍റ് മേധാവികളുടെ നേതൃത്വത്തിൽ ഉത്തരക്കടലാസുകൾ ആന്തരികമായി പരിശോധിക്കുകയും വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിങ് നൽകുകയും ചെയ്തിരുന്നു. ഈ വ്യവസ്ഥാപിത ശ്രമം കാരണം അപേക്ഷിച്ച 100 ശതമാനം വിദ്യാർഥികൾക്കും മാർക്ക് വർധിച്ചതായി ഇന്ത്യൻ ഹൈ ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ പുനിത് എം.കെ വാസു പറഞ്ഞു. അപേക്ഷകരിൽ 12 ശതമാനം പേർക്ക് 10 മുതൽ 20 മാർക്കിന്‍റെ വരെ വർധനവുണ്ടായി. ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് കൂടുതൽ മാർക്ക് ഉയർന്നത്.
കടുത്ത മത്സരമുള്ള സർവകലാശാലാ പ്രവേശന പരീക്ഷകളിൽ കുറഞ്ഞ മാർക്കിന്‍റെ വ്യത്യാസം പോലും വിദ്യാർഥികളുടെ ഭാവി നിർണയിക്കാറുണ്ടെന്നിരിക്കേ, പുനർ മൂല്യനിർണയത്തിൽ മാർക്ക് വർധിച്ചത് വിദ്യാർഥികൾക്ക് പ്രതീക്ഷ നൽകുന്നു. ഫിസിക്സിന് മാർക്ക് വർധിച്ചതോടെ മികച്ച യൂനിവേഴ്സിറ്റികളിലേക്ക് ധൈര്യത്തോടെ അപേക്ഷിക്കാൻ ഇപ്പോൾ സാധിക്കുമെന്ന് സയൻസ് സ്ട്രീം വിദ്യാർഥിനിയായ പ്രതിഗശ്രീ ‘ഗൾഫ് ന്യൂസി’നോട് പറഞ്ഞു. ഫിസിക്സ് പേപ്പർ പുനർമൂല്യനിർണയത്തിന് നൽകിയതിലൂടെ തന്‍റെ മാർക്ക് 73ൽ നിന്നും 80 ആയി ഉയർന്നതായി ലക്ഷ്ണ കൊണ്ടൽ എന്ന വിദ്യാർഥിനിയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

