ക്യാഷ്ലെസിലേക്ക് അതിവേഗം, ബഹുദൂരം
text_fieldsദുബൈ: കോവിഡ് മഹാമാരിയുടെ വരവോടെ പണരഹിത ഇടപടുകൾ യു.എ.ഇയിൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വ്യാപിക്കുന്നു. രോഗവ്യാപന ഭീതി മാത്രമല്ല, എളുപ്പത്തിൽ ഇടപാടുകൾ പൂർത്തീകരിക്കാൻ കഴിയുമെന്നതും ആളുകളെ ഈ രീതി സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതായാണ് കണ്ടെത്തൽ. രാജ്യത്ത് വർധിക്കുന്ന ഡിജിറ്റൽ പണമിടപാട് ഉപഭോക്താക്കളും ബിസിനസുകാരും ഈ രീതിയിൽ കൂടുതൽ വിശ്വാസം കാണിക്കുന്നവരായി മാറിയെന്നതിെൻറ തെളിവാണെന്ന് സാമ്പത്തിക മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ നുഐമി അവകാശപ്പെടുന്നു.
യു.എ.ഇ സർക്കാർ പൊതുമേഖലയിലും സ്വകാര്യമേഖലയിലും സേവനങ്ങളുടെയും സംവിധാനങ്ങളുടെയും ഡിജിറ്റൈലൈസേഷൻ വേഗത്തിലാക്കൽ പ്രോൽസാഹിപ്പിക്കുന്നുണ്ട്. കോവിഡിന് മുേമ്പ സ്വീകരിച്ച നയമാണിത്. എന്നാൽ മഹാമാരിയുടെ വരവ് ഇത് വേഗത്തിലാവുന്നതിന് കാരണമായി. യു.എ.ഇ ഭരണാധികാരികൾ സ്വീകരിച്ച അനുകൂല സമീപനവും പ്രോൽസാഹനവും ഡിജിറ്റലൈസേഷൻ ധ്രുതഗതിയിലാക്കി. യു.എ.ഇ ഗവൺമെൻറ് ഡിജിറ്റലൈസേഷൻ സ്ട്രാറ്റജി രൂപപ്പെടുത്തിയാണ് സർക്കാർ സംവിധാനങ്ങളുടെ ഓൺലൈൻവത്കരണം വികസിപ്പിച്ചത്. ഗതാഗത മേഖലയിലും മറ്റു പൊതുജനങ്ങൾ സജീവമായി ഇടപെടുന്ന മേഖലയിലും കാഷ്ലെസ് സംവിധാനം ഇതോടെ വ്യാപകമായി. റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള വരുമാനം കഴിഞ്ഞവർഷം 26ബില്യൺ ദിർഹമാണ് . ഇ-പെയ്മെൻറ് പോർട്ടലും സ്മാർട് കിയോസ്കുകളും വഴിയാണ് ഇത്ര വരുമാനം ലഭിച്ചത്. ആകെ ഡിജറ്റൽ ഇടപാടുകളുടെ എണ്ണം ആർ.ടി.എയിൽ മാത്രം 527ദശലക്ഷമാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇതിനകം രജിസ്റ്റർ ചെയ്തവരുടെ എണ്ണം 21ലക്ഷം കടന്നിട്ടുമുണ്ട്. സ്വകാര്യ മേഖലയിലും കോർപറേറ്റ്, ചെറികിട ബിസിനസ് രംഗങ്ങളിലെല്ലാം കാഷ്ലെസ് ഇടപാടുകൾ വർധിച്ചിട്ടുണ്ട്.
വിവിധ ആഗോള പഠനങ്ങളും യു.എ.ഇയിലെ അതിവേഗത്തിലുള്ള കാഷ്ലെസ് ഇക്കോണമിയിലേക്കുള്ള പ്രയാണം രേഖപ്പെടുത്തിയിട്ടുണ്ട്. ബോസ്റ്റൺ കൺസൾടിങ് ഗ്രൂപ്പ് ഡിജിറ്റൽ സേവനങ്ങളിൽ ലോകത്തെ മികച്ച മൂന്നാമത്തെ രാജ്യമായാണ് ഇമാറാത്തിനെ വിലയിരുത്തിയത്. ബ്രിട്ടൻ കേന്ദ്രമായ പ്രൈസ് കമ്പരിസൺ വെബ്സൈറ്റ് കാഷ്ലെസ് സംവിധാനത്തിലേക്ക് മാറിയ രാജ്യങ്ങളുടെ എട്ടികയിൽ എട്ടാം സ്ഥാനമാണ് യു.എ.ഇക്ക് നൽകിയത്.
തട്ടിപ്പുണ്ട്, പക്ഷേ വിശ്വാസ്യതക്ക് മങ്ങലില്ല
ദുബൈ: ക്യാഷ്ലെസ് ഇടപാടുകൾ വർധിച്ചതോടെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളും കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം യു.എ.ഇയിലെ പത്തിൽ നാല് ഉപഭോക്താക്കളും ഓൺലൈൻ തട്ടിപ്പ് ശ്രമങ്ങൾക്ക് ഇരയായതായി സമീപകാലത്ത് സർവെയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഓൺലൈൻ, ഡിജിറ്റൽ പേമെൻറുകളുടെ വിശ്വാസ്യതക്ക് ഇത് കോട്ടം തട്ടിച്ചിട്ടില്ല. മെച്ചപ്പെട്ട സാങ്കേതികവിദ്യയും സുരക്ഷാ നടപടികളുമുള്ള ഡിജിറ്റൽ രീതികളിലാണ് ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വാസ്യതയുള്ളത്.
യു.എ.ഇ ഉപഭോക്താക്കളിൽ പകുതിയും തട്ടിപ്പ് ഉണ്ടായാൽ അധികാരികളുമായി ബന്ധപ്പെടാൻ തയ്യാറുള്ളവരാണെന്നും സർവെ പറയുന്നുണ്ട്. വിസ, ദുബൈ പോലീസ്, ദുബൈ ഇക്കോണമി എന്നിവർ ചേർന്ന് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തലുകളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

