‘കാഷ്ലെസ് ദുബൈ’ ജി.ഡി.ആർ.എഫ്.എയും ധനവകുപ്പും കരാറിലെത്തി
text_fields‘കാഷ്ലെസ് ദുബൈ’ സംബന്ധിച്ച് ജി.ഡി.ആർ.എഫ്.എയും ധനവകുപ്പും ധാരണപത്രം ഒപ്പുവെച്ചപ്പോൾ
ദുബൈ: എമിറേറ്റിനെ ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ ദുബൈ) ഉം ദുബൈ ഫിനാൻസ് വകുപ്പും ‘കാഷ്ലെസ് ദുബൈ’യുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പുവെച്ചു. ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതവും കാര്യക്ഷമവുമാക്കുക, ഡിജിറ്റൽ പേമെന്റ് ചാനലുകൾ വിപുലീകരിക്കുക എന്നിവയാണ് സഹകരണത്തിന്റെ ലക്ഷ്യങ്ങൾ.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ‘കാഷ്ലെസ് ദുബൈ’ പദ്ധതിക്ക് തുടക്കംകുറിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിലെ സാമ്പത്തിക ഇടപാടുകളുടെ 90ശതമാനം ഡിജിറ്റൽ ചാനലുകൾ വഴി നടപ്പാക്കുകയും, 2026 അവസാനത്തോടെ എമിറേറ്റിന്റെ പൂർണ ഡിജിറ്റൽ പ്രാപ്തി 100 ശതമാനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ദുബൈ ഫിനാൻസ് വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ സാലിഹ് അൽ സാലിഹ്, ജി.ഡി.ആർ.എഫ്.എ ദുബൈയുമായുള്ള ധാരണപത്രം സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സമന്വയത്തിന്റെ മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. സഹകരണം ‘മനുഷ്യർക്ക് മുൻഗണന’ എന്ന കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും ഡിജിറ്റൽ പേമെന്റ് രീതികൾ മെച്ചപ്പെടുത്തുന്നത് നൂതനതയിലും ഡിജിറ്റൽ സജ്ജീകരണത്തിലും ആഗോളതലത്തിൽ മുൻനിരയിലുള്ള ദുബൈയുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ‘കാഷ്ലെസ് ദുബൈ’ പദ്ധതിക്ക് കീഴിലുള്ള സഹകരണം എമിറേറ്റിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് പ്രതിവർഷം എട്ട് ബില്യൺ ദിർഹം വരെ വർധനക്ക് സംഭാവന നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

