ഹനീഫ് എന്ന കാർട്ടൺ മനുഷ്യൻ
text_fieldsഹനീഫ്
യു.എ.ഇയിൽ ദിവസേന ടൺ കണക്കിന് കാർട്ടൺ ബോക്സുകളാണ് ഉദ്പാദിപ്പിക്കപ്പെടുന്നത്. ഈ പെട്ടികൾ ഒന്നുകിൽ കടകൾക്ക് പുറത്തോ അല്ലെങ്കിൽ ശേഖരിക്കുന്ന സ്ഥലത്തേക്കോ വലിച്ചെറിയുന്നു. ഈ പെട്ടികളൊക്കെ ശേഖരിക്കുന്ന ഒരുകൂട്ടമുണ്ട് യു.എ.ഇയിൽ. കാർട്ടൺ മാൻ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അവരാണ് സൈക്കിളിലും തലച്ചുമടായും ഈ പെട്ടികൾ നഗരത്തിൽ നിന്ന് ഒഴിവാക്കുന്നത്. ദുബൈയിലും ഷാർജയിലുമെല്ലാം സൈക്കിളിനു പിന്നിൽ അടുക്കിവെക്കിവെച്ചോ തലയിലോ വെച്ചോ പെട്ടികൾ ശേഖരിക്കുന്ന കേന്ദ്രങ്ങളിലേക്ക് പോകുന്ന കാർട്ടൺ മനുഷ്യരെ കാണാൻ കളിയും. രാജ്യത്തെ ഓരോ വ്യാപാര മേഖലയിലും ഇങ്ങനെ ജീവിക്കുന്ന നൂറുകണക്കിന് കാർട്ടൺ തൊഴിലാളികളുണ്ട്.
അതിരാവിലെ മുതൽ കിലോമീറ്ററുകളോളം നടന്നും സൈക്കിൾ ഓടിച്ചും ദിവസേന 100 കിലോ പെട്ടികളാണ് ഹനീഫ് എന്ന കാർട്ടൺ തൊഴിലാളി ശേഖരിക്കുന്നത്. 16 വർഷമായി ഈ മേഖലയിൽ പണിയെടുക്കുന്ന ഹനീഫിന് ദിവസവും ലഭിക്കുന്നത് 50 ദിർഹം മുതൽ 80 ദിർഹം വരെയാണ്. ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി ശശി ദിവസവും രാവിലെ അഞ്ചിന് ഈ ജോലി ആരംഭിക്കുന്നു. ശശിയുടെ കണക്കനുസരിച് ദേരയിൽ മാത്രം 150 ലധികം കാർട്ടൺ തൊഴിലാളികളുണ്ട്. 100 കിലോ മുതൽ 200 കിലോ വരെ പെട്ടികളാണ് ഇവർ ദിവസേന ശേഖരിക്കുന്നത്.
പ്രതിദിനം 15 ടണ്ണിലധികം ബോക്സുകൾ ശേഖരിക്കുന്നു. ദേരയിലെ കടകളുടെ സാമീപ്യവും എണ്ണവും കാരണം ഇവർ നടന്നാണ് പെട്ടികൾ ശേഖരിക്കുന്നത്. എന്നാൽ, ഷാർജയിൽ രാവിലെ ഏഴിന് തുടങ്ങും. ഉച്ചയ്ക്ക് 1 മണിവരെ 20-30 കിലോ കാർട്ടണുകളാണ് അസീസ് ശേഖരിക്കുന്നത്. കാർ സ്‌പെയർ പാർട്‌സ് കടകൾ, ഇലക്‌ട്രോണിക്‌സ് കടകൾ, ഭക്ഷണശാലകൾ മുതലായവയിൽ നിന്ന് കാർട്ടണുകളുടെ കൂമ്പാരവുമായി അസീസ് ഇൻഡസ്‌ട്രിയൽ ഏരിയ 10ൽ എത്തിക്കുന്നു. കാർട്ടണുകൾ ശേഖരിക്കാൻ അസീസ് ആറ് കിലോമീറ്ററിലധികം സൈക്കിളിൽ ഓടിക്കും. അവ കേന്ദ്രത്തിൽ എത്തിക്കാനും ആറ് കിലോമീറ്ററോളം സൈക്കിളിൽ പായും.
അസീസ് എല്ലാ ദിവസവും രാത്രി ഒമ്പത് വരെ ഏകദേശം 80 കിലോമീറ്ററോളം സൈക്കിളിൽ കാർട്ടണുകൾ ശേഖരിക്കുകയും എത്തിക്കുകയും ചെയ്യുന്നുണ്ട്. എട്ട് വർഷമായി പ്രതിദിനം 60 ദിർഹമാണ് ഇദ്ദേഹം സമ്പാദിക്കുന്നത്. 20 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന ഇറ്റാലിയൻ പ്രവാസിയായ പെർഫോമിംഗ് ആർട്‌സ് കൺസൾട്ടന്‍റും ഫോട്ടോഗ്രാഫറും സംഗീതജ്ഞനുമായ മാർക്കോ ഫ്രാഷെട്ടി കാർട്ടൺ തൊഴിലാളികളെ ശ്രദ്ധിക്കാനും അർഹമായ അംഗീകാരം നൽകാനും തീരുമാനിച്ചിരുന്നു. ഇതിനായി ‘കാർട്ടൺമാൻ പ്രോജക്ട്’ എന്ന ഇൻസ്റ്റാഗ്രാം പേജ് അദ്ദേഹം ആരംഭിച്ചു.
സുരക്ഷിതമായ ശീലങ്ങൾ സ്വീകരിക്കാൻ ഈ പേജ് കാർട്ടൺ തൊഴിലാളികളെ സഹായിക്കുന്നു. അടുത്ത ഘട്ടത്തിൽ കാർട്ടൺ തൊഴിലാളികളോട് സംസാരിക്കാനും അവരുടെ ഒരു ദിവസം മുഴുവൻ നിരീക്ഷിച്ച് ക്യാമറയിൽ പകർത്താനും മാർക്കോ ലക്ഷ്യമിടുന്നു. രാത്രിയിൽ റോഡുകളിൽ സുരക്ഷിതരായിരിക്കാൻ അവർക്ക് പ്രകാശമുള്ള സ്ട്രിപ്പുകളുള്ള വിസിബിലിറ്റി ജാക്കറ്റുകൾ കൈമാറാനും അദ്ദേഹം പദ്ധതിയിടുന്നു. ഇവരെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വർഷാവസാനം എക്സിബിഷൻ നടത്താനും പദ്ധതിയുണ്ട്.