അന്നും ഇന്നും ഹുദക്ക് കാറുകൾ കളിപ്പാട്ടം
text_fieldsകളിപ്പാട്ടക്കാറുകൾ അഴിച്ചുനോക്കി 'യന്ത്രങ്ങളുടെ പ്രവർത്തനം' നിരീക്ഷിക്കുമായിരുന്ന ഒരു പെൺകുട്ടി ഇന്ന് അറബ് ലോകത്തെ അറിയപ്പെടുന്ന കാർ മെക്കാനിക്കാണ്. ഏതിനത്തിൽപ്പെട്ട എത്ര കുഴപ്പംപിടിച്ച കാറും ഷാർജയിലെ ഹുദ അൽ മത്റൂഷി എന്ന 36കാരിയുടെ കൈയിലേൽപ്പിച്ചാൽ കേടുപാടുകൾ മാറി ചീറിപ്പായും. കുഞ്ഞുനാളിൽ കളിച്ചുനടക്കുമ്പോൾ മാത്രമല്ല, ഉറങ്ങാൻ കിടക്കുമ്പോൾ പോലും ചീറിപ്പായുന്ന കാറുകളെക്കുറിച്ചുള്ള അതിശയമായിരുന്നു മത്റൂശിയുടെ മനസ്സ് നിറയെ.
കറങ്ങിത്തിരിയുന്ന കളിപ്പാട്ടങ്ങളും കുഞ്ഞുകാറുകളും പൊടുന്നനെ നിലച്ചുപോയാൽ, 'അപ്പോ ശര്യാക്കി' തരുന്ന വിധത്തിലേക്ക് മാറിയ, മത്റൂശി കൗമാരക്കാലത്ത് നേരെ വെച്ചുപിടിപ്പിച്ചത് ഷാർജയിലെ കാർ റിപ്പയറിംഗ് ഗ്യാരേജുകളിലേക്കായിരുന്നു. സ്വപ്നങ്ങളെ പിന്തുടർന്ന് ഷാർജയിൽ കാർ റിപ്പയറിംഗ് കേന്ദ്രം തുറന്ന മത്റൂഷി, ആദ്യം ആശങ്കയോടെ സമീപിച്ചവരുടെ മുഖങ്ങളിൽ അതിശയം പകരാനുള്ള തിരക്കിലാണിപ്പോൾ. സ്വപ്രേരണയാൽ മുന്നിട്ടിറങ്ങി, കുടുംബത്തിെൻറ പിന്തുണയോടെ 2020ൽ കാർ റിപ്പയറിംഗ് ഗ്യാരേജ് തുറന്നതോടെ ഇമാറാത്തി വനിതകളിലെ ആദ്യ കാർ മെക്കാനിക്ക് എന്ന അതുല്യനേട്ടവും ഹുദയുടെ പേരിലായിക്കഴിഞ്ഞു.
വഴികാട്ടിയത് ജിജ്ഞാസ
കാറുകൾ ചീറിപ്പായുന്നത് കാണുമ്പോഴെല്ലാം അതെങ്ങനെ സാധ്യമാകുന്നുവെന്ന ചിന്ത തെല്ലൊന്നുമല്ല ഹുദയെ അതിശയിപ്പിച്ചത്. വെറും യന്ത്രഭാഗങ്ങൾ കൂട്ടിച്ചേർത്താൽ മാത്രം ഇങ്ങനെ കുതിച്ചുപായുമോ എന്നൊക്കെയാണ് കുട്ടിക്കാലത്ത് ആലോചിച്ചുപോയത്. മാത്രമല്ല, യന്ത്രത്തിെൻറ ഒരു ഭാഗം പണിമുടക്കിയാൽ മറ്റു ഭാഗങ്ങളും പ്രവർത്തനരഹിതമാകുന്നത് എന്താണ് എന്ന ചിന്തയും ദിവസങ്ങളോളം അലട്ടി. ശരിക്കും എന്താണ് ഇതിനകത്ത് നടക്കുന്നതെന്ന് അറിയാനുള്ള ജിജ്ഞാസ തന്നെയാണ് ഈ മേഖലയിൽ എത്തിച്ചതെന്ന് ഹുദ അൽ മത്റൂശി പറയുന്നു. "ഇത് കാറുകളിൽ മാത്രമൊതുങ്ങിയിരുന്നില്ല. എല്ലാത്തിലും ഇത്തരം കൗതുകങ്ങൾ വിടാതെ പിന്തുടർന്നിരുന്നു. ഒരു കളിപ്പാട്ടം പെട്ടെന്ന് പ്രവർത്തനം നിലച്ചുപോകുന്നതെന്താണ് കണ്ടെത്തി, അത് പരിഹരിക്കാനായിരുന്നു പിന്നിടുള്ള ശ്രമം.
ഇവ പലപ്പോഴും വിജയിച്ചതോടെ കൂടുതൽ അറിയാനുള്ള ആഗ്രഹം കലശമായി. കൗമാരപ്രായത്തിൽ കാറുകൾ എങ്ങനെ ശരിയാക്കാമെന്ന് പഠിക്കാൻ ഗാരേജുകളിലായിരുന്നു കൂടുതൽ സമയവും ചെലവഴിച്ചത്. ഇതിനിടെ മാനേജുമെൻറ് പഠനത്തിൽ ബിരുദാനന്തര ബിരുദം നേടി. 2017 ൽ അവർ കാറുകൾ ശരിയാക്കുന്ന ലൈസൻസുള്ള ബ്രോക്കറായി. മൂന്നു വർഷത്തിനു ശേഷം ഐമെക്സ് കാർ സർവീസ് എന്ന പേരിൽ ഷാർജയിൽ കാർ റിപ്പയർ ഷോപ്പ് തുറന്നു. ചുരുക്കം ചില ജോലികളും ബിസിനസുകളും ചെയ്യാൻ മാത്രമേ സ്ത്രീകൾക്കാവൂ എന്ന തെറ്റിദ്ധാരണകളെ ഇടിച്ചു തെറിപ്പിച്ചിരിക്കുന്നു ഈ യുവതി
ആർക്കും ഒന്നും അപ്രാപ്യമല്ല
തൊഴിൽ രംഗത്തെ ലിംഗവിവേചനം എന്നത് ആലോചിക്കാൻ പോലും കഴിയാത്ത ഹുദക്ക് ഒരു കാര്യത്തിൽ മതിയായ ഉറപ്പുണ്ട്; സ്ത്രീകൾക്ക് ഒന്നും അപ്രാപ്യമല്ല. ആഗ്രഹിക്കുന്നതെല്ലാം സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്ന ലോകക്രമാണ് നിലവിലുള്ളത്. യു.എ.ഇ സ്ത്രീശാക്തീകരണത്തിന് വലിയ പ്രോത്സാഹനമാണ് നൽകുന്നത്. സ്ത്രീകൾ ഇത്തരം കാര്യങ്ങളേ ചെയ്യാവൂ എന്ന തരത്തിലുള്ള അതിർവരമ്പുകളൊന്നും വേണ്ട -ഹുദ നിലപാട് വ്യക്തമാക്കി.
കാർ റിപ്പയർ ഷോപ്പ് നടത്തുന്നത് ആദ്യം ഒരു വെല്ലുവിളിയായിരുന്നുവെങ്കിലും ക്രമേണ മത്റൂശിക്ക് അത് വഴങ്ങി. നിരന്തരമായ പരിശ്രമത്തിലൂടെ കൂടുതൽ പഠനങ്ങൾ തുടരുകതന്നെയാണ് ഹുദ ഇപ്പോഴും. "മറ്റാരെയും പോലെ എനിക്കും തെറ്റുകൾ പറ്റാറുണ്ട്, പക്ഷേ സത്യസന്ധത കൈവെടിയാൻ ഒരുക്കമല്ല, ഒരിക്കലും ഒരു ഉപഭോക്താവിനെയും വഞ്ചിക്കുകയുമില്ല. സ്ത്രീകൾക്ക് എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചുള്ള മുൻധാരണകളെല്ലാം മാറണം. ചില കാർ റിപ്പയർ ഷോപ്പുകളെങ്കിലും വിലയേറിയ ഭാഗങ്ങൾ മാറ്റി നിലവാരമില്ലാത്ത സ്പെയർ ഉപയോഗിച്ച് ഉപഭോക്താക്കളെ വഞ്ചിക്കാറുണ്ട്. ഇത് നിർഭാഗ്യകരമാണ്, സത്യസന്ധമായ ഒരു ഗാരേജ് കണ്ടെത്തുക പ്രയാസമാണ് -നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ഹുദ അൽ മത്റൂശി പറഞ്ഞു. ഉപഭോക്താക്കൾക്ക് മത്റൂശി നൽകുന്ന വിലപ്പെട്ടൊരു ഉപദേശം ഇതാണ്; "അവർ നിങ്ങളോട് പറയുന്നതെല്ലാം വിശ്വസിക്കരുത്."
"ശരിയാക്കാൻ കഴിയാത്ത ഒന്നുമില്ല,"
ലാൻഡ് റോവറായിരുന്നു മത്റൂശിക്ക് മുന്നിലെത്തിയ ആദ്യ കാർ. മിടുക്കിയായ മെക്കാനിക്ക് എന്നൊന്നും അവകാശപ്പെട്ടില്ലെങ്കിലും മികച്ച രീതിയിൽ റിപ്പയർ ചെയ്യാൻ കഴിഞ്ഞു. "ഞാൻ എല്ലായ്പ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്, ഗവേഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും പാളിച്ചകളിലൂടെയുമാണ് എ െൻറ പഠനം. എല്ലാവരേയും പോലെ തെറ്റുകൾ വരുത്താറുണ്ട്. എന്നാൽ അതിൽ ഞാൻ ലജ്ജിക്കാറില്ല.- ഹുദ പറയുന്നു. ഒരു കാർ റിപ്പയർ ഷോപ്പ് തുറക്കാനുള്ള ആഗ്രഹം കുടുംബമാണ് യാഥാർഥ്യമാക്കിയത്. ആഗ്രഹങ്ങൾക്കൊപ്പം കുടുംബം കൂടെ നിന്നതോടെയാണ് ആദ്യ ഇമാറാത്തി വനിതാ മെക്കാനിക്ക് പിറന്നത്.
ഗ്യാരേജ് തുടങ്ങി വർഷമൊന്ന് പിന്നിടുമ്പോൾ വ്യക്തമായ കണക്കുകൂട്ടലുകളുമായാണ് മുന്നോട്ടുപോകുന്നത്. കോവിഡ് ലോകത്തെ പിടിച്ചുലക്കുന്നത് വരെ ബിസിനസ്സ് നന്നായി നടന്നിരുന്നു. പിന്നീട് അല്പം മന്ദഗതിയിലായി, ഇപ്പോൾ അത് പതുക്കെ തിരികെ വരുകയാണ്. എനിക്ക് പ്രതിമാസം കുറച്ച് കാറുകൾ ലഭിക്കുന്നു, ഒരു ദിവസം ലാഭമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇതിന് ധാരാളം വർഷങ്ങളെടുക്കുമെന്ന് എനിക്കറിയാം. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ഏറെ സന്തുഷ്ടയാണ്, ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ കുടുംബവും എനിക്കൊപ്പമുണ്ട്" ഹുദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

