പരിസ്ഥിതി സൗഹൃദ ഊർജത്തിൽ പറന്നുയർന്ന് എമിറേറ്റ്സ് വിമാനം
text_fieldsസുസ്ഥിര വ്യോമയാന ഇന്ധനം ഉപയോഗിച്ച് പറന്ന എമിറേറ്റ്സ് വിമാനം
ദുബൈ: പൂർണമായും പരിസ്ഥിതി സൗഹൃദ ഊർജത്തിൽ നടത്തിയ എമിറേറ്റ്സ് വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരം. സുസ്ഥിര വ്യോമയാന ഇന്ധനം ഉപയോഗിച്ച് ഇ.കെ 2646 നമ്പർ വിമാനമാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞ ദിവസം 11.39ന് പറന്നുയർന്നത്. എമിറേറ്റിന്റെ തീരപ്രദേശങ്ങളിൽ വട്ടമിട്ട് 42 മിനിറ്റ് പറന്ന ശേഷം 12.21നാണ് വിമാനം തിരിച്ചിറങ്ങിയത്. ക്യാപ്റ്റൻ ഫാലി വജിഫ്ദർ, ക്യാപ്റ്റൻ ഖാലിദ് നാസർ അക്റം എന്നിവരാണ് പരീക്ഷണപ്പറക്കലിന് നേതൃത്വം നൽകിയത്. പൂർണമായും പരിസ്ഥിതി സൗഹൃദ ഇന്ധനത്തിൽ പറക്കുന്ന പശ്ചിമേഷ്യ-വടക്കനാഫ്രിക്ക മേഖലയിലെ ആദ്യ വിമാനമാണിത്.
നിലവിൽ 100 ശതമാനം സുസ്ഥിര വ്യോമയാന ഇന്ധനം ഉപയോഗിച്ച് വിമാനങ്ങൾ പറപ്പിക്കുന്നതിന് അനുമതിയുണ്ട്. എന്നാൽ 50 ശതമാനം പരമ്പരാഗത ഇന്ധനവും ബാക്കി പുതിയ ഇന്ധനവും ഉപയോഗിച്ചാണ് വിമാനങ്ങൾ ചിലതെങ്കിലും ഓപറേറ്റ് ചെയ്തുവരുന്നത്. ഭാവിയിൽ പൂർണമായും പരമ്പരാഗത വിമാന ഇന്ധനത്തിന് പകരം പുതിയ ഊർജം ഉപയോഗപ്പെടുത്താൻ അനുമതി ലഭിക്കുന്നതിന് എമിറേറ്റ്സിന്റെ വിജയകരമായ പരീക്ഷണം വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കാർബൺ ഫൂട്പ്രിൻറ് കുറക്കുന്നതിന് കൂട്ടായ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പരീക്ഷണം വ്യോമയാന വ്യവസായത്തിന് മികച്ച ചുവടുവെപ്പാണെന്ന് എമിറേറ്റ്സ് ചീഫ് ഓപറേറ്റിങ് ഓഫിസർ ആദിൽ അൽ രിദ പറഞ്ഞു.
യു.എ.ഇ 2023 സുസ്ഥിരത വർഷമായി ആചരിക്കുന്നതിന്റെ കൂടി ഭാഗമായാണ് പരീക്ഷണം ഒരുക്കിയത്. പരിസ്ഥിതിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ ബഹിർഗമനം കുറക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
സാധ്യമാകുന്നിടത്തെല്ലാം അനാവശ്യമായ ഇന്ധനം ഉപയോഗിക്കുന്നത് കുറക്കാനായി വിവിധ സംവിധാനങ്ങൾ എമിറേറ്റ്സ് വിമാനക്കമ്പനി നടപ്പിലാക്കിവരുന്നുണ്ട്. ജെറ്റ് ഇന്ധനവും സുസ്ഥിര ഇന്ധനവും ചേർത്ത സംവിധാനത്തിൽ എമിറേറ്റ്സിന്റെ ആദ്യ വിമാനം 2017ൽ ഷികാഗോയിൽ നിന്നാണ് പറന്നുയർന്നത്.
പചക എണ്ണ, മൃഗങ്ങളിൽ നിന്നോ സസ്യങ്ങളിൽനിന്നോ ഉള്ള എണ്ണകൾ, വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നുമുള്ള ഖരമാലിന്യങ്ങൾ, പാക്കേജിങ്, പേപ്പർ, തുണിത്തരങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയിൽ നിന്നുള്ള ഇന്ധനം തുടങ്ങിയവയിൽ നിന്നാണ് നിലവിൽ പല കമ്പനികളും സുസ്ഥിര വ്യോമയാന ഇന്ധനം നിർമിക്കുന്നത്. എന്നാൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഉൽപാദനം നടക്കുന്നതെന്ന പരിമിതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

