അലക്ഷ്യമായി മാലിന്യം തള്ളൽ; പിഴത്തുക കൂട്ടി അബൂദബി
text_fieldsഅബൂദബി: പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതടക്കമുള്ള നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക പുതുക്കി അബൂദബി നഗര, ഗതാഗതവകുപ്പ്. നിയമലംഘനത്തിനനുസരിച്ച് നാലായിരം ദിര്‍ഹംവരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നൽകി. സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ ആദ്യതവണ 500 ദിര്‍ഹമാണ് പിഴ. രണ്ടാംതവണ 1000 ദിര്‍ഹവും മൂന്നാം തവണ രണ്ടായിരം ദിര്‍ഹവും പിഴ ചുമത്തും.
ഭക്ഷ്യമാലിന്യങ്ങള്‍ ചവറ്റുകുട്ടക്ക് പുറത്ത് നിക്ഷേപിച്ചാല്‍ 500 ദിര്‍ഹമാണ് പിഴ. രണ്ടാം തവണ 1000 ദിര്‍ഹവും ആവര്‍ത്തിച്ചാല്‍ 2000 ദിര്‍ഹവും പിഴ ചുമത്തും. മറ്റ് മാലിന്യങ്ങളോ പാഴ്വസ്തുക്കളോ നിര്‍ദിഷ്ട മേഖലയില്‍ അല്ലാതെ നിക്ഷേപിച്ചാല്‍ 1000 ദിര്‍ഹമാണ് പിഴ. രണ്ടാം 2000 ദിര്‍ഹവും മൂന്നാം വട്ടം ആവർത്തിച്ചാൽ നാലായിരം ദിര്‍ഹവും പിഴ ചുമത്തും. 2024ല്‍ മാലിന്യനിക്ഷേപത്തിനും ദേശീയ ദിനാഘോഷവേളകളിലും മറ്റും സ്പ്രേ പെയിന്റ് ഉപയോഗിച്ച് പൊതുഇടങ്ങള്‍ വൃത്തികേടാക്കുന്നതിനെതിരെ പുറപ്പെടുവിച്ച നിയമം പരിഷ്കരിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പൊതുഭംഗി നഷ്ടപ്പെടുന്നവിധം മേല്‍ക്കൂരകളിലോ ബാല്ക്കണികണികളിലോ വസ്തുക്കള്‍ സൂക്ഷിക്കുകയോ വെക്കുകയോ ചെയ്താല്‍ 500 ദിര്‍ഹം പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ 1000 ദിര്‍ഹവും വീണ്ടും തുടര്‍ന്നാല്‍ 2000 ദിര്‍ഹവുമാണ് പിഴ. റോഡിന് അഭിമുഖമായി ജനാലക്കു പുറത്തോ വരാന്തകളിലോ വസ്ത്രങ്ങള്‍ തൂക്കിയിട്ടാലും 500 ദിര്‍ഹം പിഴ ചുമത്തും. രണ്ടാം വട്ടം തുടര്‍ന്നാല്‍ 1000 ദിര്‍ഹവും മൂന്നാം വട്ടത്തിന് 2000 ദിര്‍ഹവും പിഴയീടാക്കും. പൊതു ഇടങ്ങളിലെ പച്ചപ്പ് നശിപ്പിച്ചാലോ പൂക്കള്‍ പറിച്ചാല്‍ മരങ്ങളുടെ ഇലകള്‍ പറിച്ചാലോ അനുവാദമില്ലാതെ ഈത്തപ്പനയുടെ ഓലകള്‍ പറിച്ചാലോ 500 ദിര്‍ഹമാണ് പിഴ. രണ്ടാം വട്ടം 1000 ദിര്‍ഹവും മൂന്നാം വട്ടം 2000 ദിര്‍ഹവും പിഴ ചുമത്തും. പൊതുസ്ഥലങ്ങളില്‍ കിടന്നുറങ്ങിയാലും ച്യൂയിംഗം പോലുള്ള വസ്തുക്കള്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യപ്പെട്ടിയില്‍ അല്ലാതെ നിക്ഷേപിച്ചാലും ഇതേരീതിയില്‍ പിഴ ചുമത്തും. മുറുക്കിയോ പാന്‍ ചവച്ചോ തുപ്പിയാല്‍ 1000 ദിര്‍ഹമാണ് ആദ്യതവണ പിഴയീടാക്കുക. രണ്ടാം തവണ 2000 ദിര്‍ഹവും മൂന്നാം വട്ടം നാലായിരം ദിര്‍ഹവും പിഴ ചുമത്തും.
അനധികൃതമായി പൊതുസ്ഥലങ്ങളില്‍ (പാര്‍ക്ക് ചെയ്ത കാറുകള്‍, തൂണുകള്‍, മതിലുകള്‍) പരസ്യം പതിക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ 1000 ദിര്‍ഹമാണ് പിഴ. രണ്ടാം വട്ടം 2000 ദിര്‍ഹവും മൂന്നാം വട്ടവും പിന്നീടുള്ള സമയങ്ങളിലും കുറ്റം ആവര്‍ത്തിച്ചാല്‍ നാലായിരം ദിര്‍ഹം വീതവും ഈടാക്കും. നിര്‍ദിഷ്ട മേഖലയില്‍ അല്ലാതെ പുകവലിച്ചാല്‍ 500 ദിര്‍ഹമാണ് പിഴ. രണ്ടാം വട്ടം ആയിരം ദിര്‍ഹവും മൂന്നാംവട്ടവും പിന്നീടുള്ള സമയങ്ങളിലും 2000 ദിര്‍ഹം വീതം പിഴ ചുമത്തപ്പെടും.
അനുവാദമില്ലാതെ ഉച്ചഭാഷിണികളോ റേഡിയോയോ ആംപ്ലിഫയറുകളോ ഉപയോഗിച്ചാലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ലേസര്‍ ലൈറ്റുകള്‍ തെളിച്ചാലും 1000 ദിര്‍ഹം പിഴ ചുമത്തും. രണ്ടാം വട്ടം 2000 ദിര്‍ഹവും മൂന്നാം വട്ടം 4000 ദിര്‍ഹം വീതവും ഈടാക്കും. പൊതുവിടങ്ങളുടെ ഭംഗി നശിപ്പിക്കുന്ന വിധം വാഹനങ്ങള്‍ ഉപേക്ഷിച്ചുപോയാലോ വൃത്തിഹീനമായ വാഹനങ്ങള്‍ നിര്ത്തിയിട്ടുപോയാലോ 500 ദിര്‍ഹം പിഴ ചുമത്തും. ആവർത്തിച്ചാൽ 1000 ദിര്‍ഹവും മൂന്നാം വട്ട 2000 ദിര്‍ഹം വീതവും പിഴ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

