സേനയിലെ തൊഴിലവസരങ്ങൾ: കരിയർ ഗൈഡൻസ് ശ്രദ്ധേയമായി
text_fieldsഷാർജ ഇന്ത്യൻ സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ശിൽപശാല
ഷാർജ: വിദ്യാർഥികൾക്കായി ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ മുൻ സൈനിക ഉദ്യോഗസ്ഥൻ ലഫ്. കേണൽ കൃഷ്ണകുമാർ നടത്തിയ ഗൈഡൻസ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി.ഇന്ത്യൻ സേനയിലെ കര-വായു-നാവിക സേന വിഭാഗങ്ങളിലെ തൊഴിലവസരങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ച ക്ലാസ് പ്ലസ് വൺ-പ്ലസ് ടു കുട്ടികൾക്ക് പുത്തൻ അറിവു നൽകുന്നതായിരുന്നു.
സ്കൂൾ കലണ്ടർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പ്രിൻസിപ്പൽ മുഹമ്മദ് അമീനു നൽകി പ്രകാശനം ചെയ്തു. നിഖിൽ ഉമ്മൻ(ഹൈസ്കൂൾ വിഭാഗം), അക്ഷയ് ദീപക് (പ്രൈമറി വിഭാഗം) എന്നിവർ രൂപകൽപന ചെയ്ത കവർ ചിത്രങ്ങളാണ് കലണ്ടറുകൾക്കായി തെരഞ്ഞെടുത്തത്.
സി.ഇ.ഒ കെ.ആർ. രാധാകൃഷ്ണൻ നായർ, ഗുബൈബ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, മാനേജിങ് കമ്മിറ്റി അംഗം ഹരിലാൽ, വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ഹെഡ്മിസ്ട്രസ് ശൈലജ രവി, ഇ.ടി. പ്രകാശ്, അനിൽ വാര്യർ എന്നിവർ സംബന്ധിച്ചു.കഴിഞ്ഞദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഗേൾസ് വിഭാഗത്തിനും സമാനമായ ക്ലാസ് സംഘടിപ്പിച്ചിരുന്നു.

