ഇ.വി ബൈക്കുകളുമായി കരീം ആപ്
text_fieldsഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി മാറ്റുന്ന റൈഡർ
ദുബൈ: ഈ മാസം അവസാനത്തോടെ ഇലക്ട്രിക് ബൈക്കുകൾ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ച് ദുബൈയിലെ പ്രമുഖ ഓൺലൈൻ സേവന ദാതാക്കളായ കരീം ആപ്. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പങ്കാളിത്തത്തിലാണ് കാർബൺ രഹിത വാഹനങ്ങൾ നിരത്തിലിറക്കുന്നത്.
ഈ മാസം അവസാനത്തോടെ ആദ്യഘട്ട ഇ.വി ബൈക്കുകൾ ദുബൈയുടെ നിരത്തിലെത്തുമെന്നാണ് പ്രഖ്യാപനമെങ്കിലും വാഹനങ്ങളുടെ എണ്ണം കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, അടുത്ത വർഷത്തോടെ 1000 ഇലക്ട്രിക് ബൈക്കുകൾ ഇറക്കാനാണ് ലക്ഷ്യമെന്ന് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
യു.എ.ഇയുടെ നെറ്റ് സീറോ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതോടൊപ്പം മേഖലയിലെ വളർച്ചയും പ്രധാനമാണെന്ന് കരീം ബൈക്ക് സീനിയർ ഡയറക്ടർ ഓപറേഷൻസ് സമി അമിൻ പറഞ്ഞു. നിലവിൽ ഇത്തരം സേവനങ്ങൾക്കായി പെട്രോൾ ഇന്ധന വാഹനങ്ങളാണ് കമ്പനി ഉപയോഗിക്കുന്നത്.
ഇലക്ട്രിക് ബൈക്കുകളിലേക്ക് മാറുന്നതോടെ കാർബൺരഹിത നടപടികൾക്കുള്ള പിന്തുണക്കൊപ്പം സാമ്പത്തികമായി ചെലവുകൾ കുറക്കുകയെന്നതും ലക്ഷ്യമാണ്. ഇ.വി വാഹനങ്ങളിലേക്ക് മാറുന്നതോടെ വിതരണ ചെലവ് കുറയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപഭോക്താക്കൾക്കും റൈഡർമാർക്കും ഇതിന്റെ ഗുണം ലഭിക്കും.
ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ പ്രതിമാസം റൈഡർമാർക്ക് 15 ശതമാനം വരെ ചെലവ് ലാഭിക്കാൻ സാധിക്കും. അതോടൊപ്പം റൈഡർമാർക്ക് പ്രതിമാസ വരി ചേരുന്നതിലൂടെ അൺലിമിറ്റഡായി ബാറ്ററി ഉപയോഗിക്കാനും സാധിക്കും. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന സ്റ്റേഷനുകളിൽ ബാറ്ററികൾ ലഭിക്കുമെന്ന് അമിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

