അബൂദബി ടാക്സികളുടെ കാര്ഡ്പേമെന്റ് സൗകര്യപ്രദം
text_fieldsഅബൂദബി: എമിറേറ്റിലെ ചുരുക്കം ടാക്സി സര്‍വിസുകള്‍ ഏര്‍പ്പെടുത്തിയ കാര്‍ഡ് പേമെന്റ് സൗകര്യം യാത്രക്കാര്‍ക്ക് ഗുണകരമാവുന്നു. പലപ്പോഴും യാത്രാവസാനം പേമെന്റ് നടത്തുമ്പോള്‍ ചില്ലറയില്ലാതെ വരുന്നത് ബുദ്ധിമുട്ടാവും. തിരക്കുപിടിച്ച യാത്രയിലാണെങ്കില്‍ ഏറെ സമയം ഇതിന്റെ പേരില്‍ നഷ്ടമാവുകയും ചെയ്യും. ഇതിനൊരു പരിഹാരമാവുന്നുണ്ട് കാര്‍ഡ് പേമെന്റ്. യാത്രികര്‍ക്ക് ഏറെ സൗകര്യപ്രദമായ ഈ സംവിധാനം വൈകാതെ എമിറേറ്റിലുടനീളം നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. പരീക്ഷണാടിസ്ഥാനത്തിലാണ് കാര്‍ഡ് പേമെന്റ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. എമിറേറ്റ്സ് ടാക്സി, അറേബ്യ ടാക്സി തുടങ്ങിയവയില്‍ വൈകാതെ സൗകര്യം ഏര്‍പ്പെടുത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്കുന്ന വിവരം.
ഐ.ടി.സി ടാക്സി ആപ് ഉപയോഗിച്ച് അനായാസം ടാക്സി ബുക്ക് ചെയ്യാനും കഴിയും. വാഹനം യാത്രക്കാരന്റെ അടുത്തേക്ക് വരുന്നത് ആപ്ലിക്കേഷന്‍ ബുക്ക് ചെയ്തയാളെ അറിയിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്രികര്‍ക്ക് ടാക്സി കൂലി അടക്കാവുന്നതാണ്. ഇതിനായി കാര്‍ഡ് കാണിക്കുകയോ മെഷീനില്‍ ഇടുകയോ ആണ് വേണ്ടത്. കാര്‍ഡ് പേമെന്റ് സംവിധാനം വ്യാപകമായി പ്രാബല്യത്തില്‍ വരാത്തിടത്തോളം പണം കൈയില്‍ കരുതിയോ ഐ.ടി.സിയുടെ പേബൈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ക്യു.ആര് കോഡ് സ്കാന്‍ ചെയ്തോ കൂലി കൊടുക്കേണ്ടതുണ്ട്.
ടാക്സി സര്‍വിസുകള്‍ നടത്തുന്ന ആറായിരത്തോളം വാഹനങ്ങളിലാണ് ഡിജിറ്റല്‍ പേമെന്റിനുള്ള സംവിധാനം ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. സോഫ്റ്റ് വെയര്‍ കമ്പനിയായ ഫിന്‍ടെക് ആണ് പേബൈ എന്ന ഡിജിറ്റല്‍ പണമിടപാട് സിസ്റ്റം ഏര്‍പ്പെടുത്തിയത്. പണം കൈമാറുന്നതിലൂടെ ഉണ്ടാവുന്ന രോഗഭീതി ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. അതേസമയം, അനധികൃത ടാക്സി സര്‍വിസുകള്‍ വര്ധിച്ചവരുന്നതിനെതിരെയും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനധികൃത ടാക്സികള്‍ പിടികൂടിയാല്‍ 3000 ദിര്‍ഹം പിഴ ചുമത്തുമെന്നാണ് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. ഇതിനുപുറമെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ലൈസന്‍സില്‍ 24 ബ്ലാക്ക് പോയന്റ് ചുമത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

