വാഹനങ്ങളിൽ കാർബൺ മോണോക്സൈഡ് വിഷബാധ; കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫോറൻസിക് വിദഗ്ധ
text_fieldsദുബൈ: എയർകണ്ടീഷൻ ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ളിലും അടച്ചിട്ട മുറികളിലും കാർബൺ മോണോക്സൈഡ് (സി.ഒ) വിഷബാധ ഉണ്ടാവാനുള്ള മൂന്ന് പ്രധാന കാരണങ്ങൾ വിശദീകരിച്ച് ദുബൈ പൊലീസിലെ ഫോറൻസിക് വിദഗ്ധ. നിശ്ശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കുന്ന കാർബൺ മോണോക്സൈഡിന് പ്രത്യേകിച്ച് മണമോ നിറമോ ഇല്ലാത്തതിനാൽ അടച്ചിട്ട സ്ഥലങ്ങളിൽ ഇത് കണ്ടെത്താനും അതിന്റെ അളവ് എത്രത്തോളമുണ്ടെന്ന് നിർണയിക്കാനും പ്രയാസമാണെന്നും വിഷവാതക വിദഗ്ധയും സ്പെഷലൈസ്ഡ് ഫോറൻസിക് എവിഡന്റ്സ് ഡിപ്പാർട്മെന്റ് ഡയറക്ടറുമായ ഇബ്തിസാം അബ്ദുൽ റഹ്മാൻ അൽ അബ്ദൗലി പറഞ്ഞു.
മണമോ നിറമോ ഇല്ലാത്തതിനാൽ നമ്മൾ അറിയാതെ ശ്വസിക്കുന്നതിനാലാണ് സി.ഒ വാതകത്തെ നിശ്ശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കുന്നത്. ഇത് ശ്വസിക്കുന്നതു മൂലം ചിലർക്ക് ചെറിയ തലവേദന, ക്ഷീണം, മോഹാലസ്യം, ഓക്കാനം അല്ലെങ്കിൽ ഛർദിയോ ഒക്കെ അനുഭവപ്പെടാം. എന്നാൽ, ശരീരത്തിൽ വാതകത്തിന്റെ അളവ് കൂടിയാൽ അബോധാവസ്ഥയിലേക്കും വൈകാതെ മരണത്തിലേക്ക് നയിക്കുമെന്നും അവർ പറഞ്ഞു.
വാഹനങ്ങളുടെ എൻജിനിൽ ഉണ്ടാകുന്ന ചില സാങ്കേതിക തകരാറുകൾ മൂലം കാർബണിന്റെ അപൂർണമായ ജ്വലനമാണ് കാർബൺ മോണോക്സൈഡ് ഉൽപാദിപ്പിക്കാനുള്ള ഒരു പ്രധാന കാരണമായി ഇബ്തിസാം അബ്ദുൽ റഹ്മാൻ അൽ അബ്ദൗലി ചൂണ്ടിക്കാണിക്കുന്നത്. അടച്ചിട്ട സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാകുമ്പോഴും ഓക്സിജൻ സി.ഒ ആയി രൂപാന്തരം പ്രാപിക്കും.
ഇത് ശരീരത്തിലെ കോശങ്ങളെ ഗുരുതര പ്രശ്നങ്ങളിലേക്കും മരണത്തിലേക്കും നയിക്കും. അടുത്തിടെ രാജ്യത്ത് രണ്ട് വീട്ടു തൊഴിലാളികളുടെ മരണകാരണം വീട്ടിനകത്ത് അർധ രാത്രി കത്തിച്ച കൽക്കരി അവശിഷ്ടത്തിൽ നിന്നുണ്ടായ കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നതായും അവർ പറഞ്ഞു. 2010ലും 2020ലും സമാന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സി.ഒ വിഷവാതകം ഉണ്ടെന്ന് സംശയിച്ചാൽ ഉടൻ അടച്ചിട്ട മുറികൾ തുറന്നിടുകയും അടിയന്തരമായി മെഡിക്കൽ സഹായം തേടുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

