Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതകരാറുള്ള ഉപയോഗിച്ച...

തകരാറുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതി യു.എ.ഇ നിരോധിക്കും

text_fields
bookmark_border
തകരാറുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതി യു.എ.ഇ നിരോധിക്കും
cancel

അബൂദബി: വലിയ തകരാറുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതി, ഇന്‍ഷുറന്‍സ്, രജിസ്ട്രേഷന്‍ എന്നിവ മേയ് ഒന്ന് മുതല്‍ യു.എ.ഇ ഗുണനിലവാര അതോറിറ്റി നിരോധിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. കത്തിയതും വെള്ളം കയറി നശിച്ചതും അറ്റകുറ്റപ്പണി സാധ്യമല്ലാത്തതും വലിയ നിര്‍മാണ തകരാറുള്ളതുമായ വാഹനങ്ങളുടെ ഇറക്കുമതിയാണ് നിരോധിക്കുകയെന്ന് എമിറേറ്റ്സ് സ്റ്റന്‍ഡേഡൈസേഷന്‍-മെട്രോളജി അതോറിറ്റി (എസ്മ) ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ആല്‍ മഈനി പറഞ്ഞു. തകരാറുള്ള വണ്ടികള്‍ പൊളിച്ചുപണിത ശേഷം ഇറക്കുമതി ചെയ്ത് വില്‍പന നടത്തുന്നതില്‍നിന്ന് നിര്‍മാതാക്കളെയും ഇറക്കുമതിക്കാരെയും തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വാഹനങ്ങള്‍ എല്ലാ തകരാറുകളില്‍നിന്നും മുക്തമാണെന്ന് മേയ് ഒന്ന് മുതല്‍ ഇറക്കുമതിക്കാര്‍ ഉറപ്പ് വരുത്തണം. പ്രതിവര്‍ഷം 300,000 ഉപയോഗിച്ച കാറുകള്‍ യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. യു.എസ്.എ. ജപ്പാന്‍, ജര്‍മനി രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ വാഹനങ്ങളും കൊണ്ടുവരുന്നത്. 
അപകടത്തില്‍ പെട്ടോ വെള്ളത്തില്‍ മുങ്ങിയോ കത്തിയോ തകരാറിലാകുന്ന വാഹനങ്ങള്‍ നന്നാക്കിയെടുക്കാന്‍ വാഹനത്തിന്‍െറ വിലയുടെ 75 മുതല്‍ 90 വരെ ശതമാനം ചെലവ് വരുന്നുവെങ്കില്‍ ആ വാഹനം അറ്റകുപ്പണി ലാഭകരമല്ലാത്തതായി ഇന്‍ഷുറന്‍സ് കമ്പനിക്ക് തീരുമാനിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ വാഹന ഏജന്‍സി വാഹനത്തിന് നഷ്ടപരിഹാര സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കപ്പെടുന്ന വാഹനങ്ങള്‍ ഓടിക്കാനോ വില്‍ക്കാനോ രജിസ്റ്റര്‍ ചെയ്യാനോ പാടില്ല. സ്പെയര്‍ പാര്‍ട്സുകളുടെ അനുയോജ്യതയും വര്‍ക്ഷോപ്പുകളുടെ തരംതിരിക്കലും സംബന്ധിച്ച കരട് നിയമം മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിച്ചതായും അബ്ദുല്ല ആല്‍ മഈനി വ്യക്തമാക്കി. 
യു.എ.ഇയിലെ അപകടങ്ങളില്‍ നശിക്കുന്ന കാറുകള്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് തടയാന്‍ എസ്മയും ഗതാഗത വകുപ്പും ഇന്‍ഷുറന്‍സ് കമ്പികളും സഹകരിച്ച് പ്രവര്‍ത്തിക്കും. ഇത്തരം വാഹനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളുടെ സുരക്ഷ അപകടത്തിലാവുന്നത് തടയുകയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. 
യു.എ.ഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും വില്‍ക്കപ്പെടുന്ന കാറുകള്‍ ജി.സി.സി ഗുണനിലവാര സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായുള്ളവയായിരിക്കണം. എസ്മ അംഗീകരിക്കുന്ന കാറുകള്‍ക്ക് ഇപ്പോള്‍ ഗള്‍ഫ് അനുയോജ്യതാ മുദ്ര നല്‍കുന്നുണ്ട്. 
ജി.സി.സി രാജ്യങ്ങളിലെ സുരക്ഷ-ആരോഗ്യ ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുനനതാണ് ഗള്‍ഫ് അനുയോജ്യതാ മുദ്ര.
കുട്ടികള്‍ക്കുള്ള ഉല്‍പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സമഗ്ര നയം എസ്മ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നവക്കും ഇറക്കുമതി ചെയ്യുന്നവക്കും ഈ നയം ബാധകമാണെന്നും അബ്ദുല്ല ആല്‍ മഈനി  പറഞ്ഞു.

maeeni: 

Show Full Article
News Summary - car
Next Story