കാർ പ്രളയത്തിൽ മുങ്ങി; മലയാളികള്‍ക്ക് കാവലായി സ്വദേശി കുടുംബം
text_fieldsപ്രളയത്തിൽ വെള്ളംകയറി നശിച്ച ഷൗഫീദിന്റെ കാർ
അജ്മാന്: ഫുജൈറയിലെ പ്രളയത്തില്‍ വഴിയിലകപ്പെട്ട മലയാളികള്‍ക്ക് തണലായി സ്വദേശി കുടുംബം. ഫുജൈറയിലെ എമിറേറ്റ്സ് ഹെൽത്ത് സർവിസസില്‍ ജോലിചെയ്യുന്ന കോഴിക്കോട് ചീക്കിലോട് കൊളത്തൂർ സ്വദേശി ഷൗഫീദ് പുതുക്കുടിയും കൂടെ ജോലിചെയ്യുന്നയാളുമാണ് മഴയുടെ കുത്തൊഴുക്കില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവസ്ഥലത്തിനു സമീപത്തുണ്ടായിരുന്ന സ്വദേശി കുടുംബത്തിന്റെ അകമഴിഞ്ഞ സഹായം ഇവരുടെ രക്ഷക്കെത്തുകയായിരുന്നു. ഫുജൈറ ബീച്ചിലെ മോട്ടല്‍ റൗണ്ട് എബൌട്ടിലെ തന്റെ താമസ സ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു ഷൗഫീദ്. സകംകം എന്ന സ്ഥലത്ത് ജെംസ് സ്കൂള്‍ പിന്നിട്ട് ഹയർ കോളജ് ഓഫ് ടെക്നോളജിക്കു സമീപത്തെത്തിയപ്പോൾ എതിര്‍ദിശയിലെ റോഡില്‍ മാത്രം നിറഞ്ഞിരുന്ന വെള്ളം ഡിവൈഡര്‍ തകര്‍ന്നതിനെ തുടര്‍ന്ന് കുത്തി ഒഴുകിവന്നു. പരിസരമാകെ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് വാഹനം മുന്നോട്ടെടുക്കാനോ മറ്റോ കഴിയാതെ പ്രയാസത്തിലായി. കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് ലോക്കായ അവസ്ഥയിലായിരുന്നു. കാറിന്റെ ഗ്ലാസ് താഴ്ത്തി പുറത്തേക്ക് കൈയിട്ട് തുറക്കാന്‍ നടത്തിയ ശ്രമം വിജയിച്ചു.
വാഹനത്തില്‍ ആകെ വെള്ളം കയറിയതോടെ ഇവരുടെ ഫോണും കേടായി. ഇതേ തുടര്‍ന്ന് നെഞ്ചോളം ഉയര്ന്നുനില്ക്കുന്ന വെള്ളത്തിലൂടെ ഒഴുകി നീങ്ങി ഏറ്റവും അടുത്തു കണ്ട വീടിന്റെ ഗേറ്റില്‍ പോയി സഹായം തേടി. വീടിന്റെ മുകളില്‍നിന്നും പുറത്തെ അവസ്ഥ കണ്ട സ്വദേശി കുടുംബം ഉടന്‍തന്നെ വീടിന്റെ ഗേറ്റ് തുറന്ന് ഇവരെ അകത്തേക്ക് പ്രവേശിപ്പിച്ചു. അകത്തേക്കു കയറിയ ഉടനെതന്നെ വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ ഗേറ്റ് മറിഞ്ഞുവീണു. ആ വീട്ടില്‍ താമസിക്കാനുള്ള സൗകര്യവും ഭക്ഷണവുംകൂടി ഒരുക്കിനൽകി ഈ സ്വദേശി കുടുംബം. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് പിറ്റേ ദിവസം രാവിലെ എട്ടു മണിയോടുകൂടി വീട്ടിലേക്കു മടങ്ങി. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോൾ കൂടപ്പിറപ്പുകളെപ്പോലെ പരിചരിച്ച സ്വദേശി കുടുംബത്തിന് നന്ദി പറയുകയാണ് ഈ പ്രവാസികള്‍.
ഇൻകാസ് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു
ഫുജൈറ: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവർക്ക് ഇൻകാസ് യു.എ.ഇ ഭക്ഷണപദാർഥങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിക്കുകയും 50,000 ദിർഹം വിലമതിക്കുന്ന വസ്ത്രങ്ങളും ഭക്ഷണപദാർഥങ്ങളും വിതരണം നടത്തുകയും ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വെള്ളംകയറി മലിനമായ വീടുകളും ആരാധനാലയങ്ങളും ശുചീകരിക്കുന്ന പ്രവൃത്തികളിലും പ്രവർത്തകർ പങ്കെടുത്തു. സന്നദ്ധപ്രവർത്തനത്തിന് ഇൻകാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ, ജനറൽ സെക്രട്ടറി എസ്.എം. ജാബിർ, മിഡ്ൽ ഈസ്റ്റ് കൺവീനർ അഡ്വ. ഹാഷിക്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ, സെക്രട്ടറിമാരായ അബ്ദുൽ മനാഫ്, അഷ്റഫ് കരുനാഗപ്പള്ളി, ഇൻകാസ് നേതാക്കളായ ഗീവർഗീസ് പണിക്കർ, ബി.എ. നാസർ, ഷൈജു, റോബിൻ റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
ദുരിതബാധിതർക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം
ചെയ്യാനെത്തിയ ഇൻകാസ് പ്രവർത്തകർ