കാറിന്‍റെ ക്രൂസ് നിയന്ത്രണം നഷ്ടമായി: ഡ്രൈവറെ രക്ഷപ്പെടുത്തി പൊലീസ്
text_fieldsക്രൂസ് കൺട്രോൾ നഷ്ടമായ വാഹനത്തെ അനുഗമിക്കുന്ന ദുബൈ ട്രാഫിക് പൊലീസ്
ദുബൈ: കാറിന്‍റെ ക്രൂസ് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് പരിഭ്രാന്തിയിലായ ഡ്രൈവറെ രക്ഷപ്പെടുത്തി ദുബൈ പൊലീസ്. കഴിഞ്ഞ ദിവസം എമിറേറ്റ്സ് റോഡിലാണ് ഓടിക്കൊണ്ടിരിക്കെ കാറിന്‍റെ ക്രൂസ് കൺട്രോൾ പ്രവർത്തന രഹിതമായത്. ഡ്രൈവറായ യുവതി ഉടൻ ദുബൈ ട്രാഫിക് പൊലീസിന്‍റെ സഹായം അഭ്യർഥിക്കുകയായിരുന്നു.
അതിവേഗത്തിൽ സഞ്ചരിച്ച കാറിന്‍റെ ക്രൂസ് കൺട്രോൾ പൊടുന്നനെ നിലച്ചതോടെ ആക്സിലറേറ്ററും ബ്രേക്കും പ്രവർത്തനരഹിതമായി. സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ സ്ഥലത്തെത്തിയ ദുബൈ ട്രോഫിക് പൊലീസ് സമയോചിത ഇടപെടലിലൂടെ ഡ്രൈവറുടെ മനസ്സാന്നിധ്യം വീണ്ടെടുത്തു. തുടർന്ന് ഡ്രൈവർക്ക് ഫോണിലൂടെ നിർദേശം നൽകുകയും വാഹനം സുരക്ഷിതമായി നിർത്തുന്നതുവരെ അനുഗമിക്കുകയും ചെയ്തു.
കൂട്ടിയിടി ഒഴിവാക്കാനായി മറ്റ് വാഹനങ്ങളെ സമീപത്തു നിന്ന് മാറ്റിയിരുന്നതായി ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ മനസാന്നിധ്യം കൈവിടാതിരിക്കുകയാണ് പ്രധാനം. അതിവേഗം സീറ്റ് ബെൽറ്റുകൾ ശക്തിപ്പെടുത്തുകയും അപകട ലൈറ്റുകൾ ഓണാക്കുകയും ചെയ്യുക. തുടർന്ന് 999 എന്ന നമ്പറിൽ സഹായത്തിനായി വിളിക്കാം.
ഇതിനിടയിൽ ഗിയർ ന്യൂട്രലിലേക്ക് മാറ്റാനായി ശ്രമിച്ചുകൊണ്ടേയിരിക്കണം. ഇടക്കിടെ എൻജിൻ ഓഫ് ചെയ്ത ശേഷം ഓൺ ആക്കുകയും കാർ നിൽക്കുന്നത് വരെ ബ്രേക്കിൽ സമ്മർദം ചെലുത്തുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു. വാഹനങ്ങളുടെ ക്രൂസ് കൺട്രോൾ സംവിധാനം, ബ്രേക്ക് എന്നിവ കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്താൽ ഇത്തരം അപകടങ്ങൾ ഒരുപരിധി വരെ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

