വൃത്തിഹീനമായ കാറുകൾ വഴിയിൽ തള്ളുന്നതിനെതിരെ ദുബൈ നഗരസഭ
text_fieldsദുബൈ: നാളുകളോളം കഴുകുകയും തുടക്കുകയും ചെയ്യാതെ കാറുകൾ നഗരത്തിലെ തെരുവുകളിൽ നിർത്തിയിട്ട് പോകുന്നവരെ കാത്ത് ദുബൈ നഗരസഭയുടെ നടപടി വരുന്നു. ഇത്തരത്തിൽ കാറുകൾ അശ്രദ്ധമായി തള്ളുന്നതിനെതിരെ നഗരസഭയുടെ മാലിന്യ നിയന്ത്രണ വിഭാഗം ബോധവത്കരണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
37347 കാറുടമകൾക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതു പാലിക്കാൻ കൂട്ടാക്കാഞ്ഞതിനെ തുടർന്ന് 4930 കാറുകൾ നഗരസഭാ ഉദ്യോഗസ്ഥർ നീക്കം ചെയ്തു.കാറുകൾ കണ്ടുകെട്ടിയാൽ വീണ്ടെടുക്കാൻ പിഴയും മറ്റു ചാർജുകളുമുൾപ്പെടെ 1381ദിർഹം നൽകേണ്ടി വരും. ആറു മാസം കഴിഞ്ഞും വീണ്ടെടുക്കാത്തവ ലേലം ചെയ്യും. വൃത്തിയില്ലാത്ത കാറുകൾ പൊതു റോഡുകളിൽ ഉപേക്ഷിച്ചതായി കണ്ടാൽ നഗരസഭ ഉടനടി നീക്കം ചെയ്യും. നഗരത്തിെൻറ സൗന്ദര്യത്തിന് കോട്ടവരുത്തുകയും സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനാലാണിത്. ഇത്തരം വാഹനങ്ങളിൽ ക്രിമിനലുകൾ ഒളിച്ചു പാർക്കാനും തെരുവുമൃഗങ്ങൾ താവളമാക്കാനും സാധ്യതയുണ്ട്.
കാറുകൾ നീക്കം ചെയ്യുന്നതിന് രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്്്. നഗരസഭയുടെ മുന്നറിയിപ്പ് കാലാവധിക്കുശേഷവും വൃത്തിഹീനമായ കാറുകൾ പൊതുസ്ഥലങ്ങളിൽ കണ്ടാൽ കമ്പനി പ്രതിനിധികൾ എത്തി നീക്കം ചെയ്യും. സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിൽ അനുമതിയില്ലാതെ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാവും.വാഹനങ്ങളുടെ വായ്പയും പിഴയും അടക്കാത്ത പ്രവാസികളാണ് പലപ്പോഴും കാറുകൾ ഉപേക്ഷിച്ച് പോകുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.