ദുബൈയിൽ വാഹനാപകടം: രണ്ടു പേർക്ക് പരിക്ക്
text_fieldsദുബൈ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ അപകടത്തിൽ തകർന്ന കാർ
ദുബൈ: ദുബൈയിൽ കാർ അപകടത്തിൽപെട്ട് രണ്ടു പേർക്ക് പരിക്ക്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡി (ഇ311) ലാണ് അപകടം. ക്ഷീണം കാരണം ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ദുബൈ പൊലീസ് അറിയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തെന്നിമാറി കോൺക്രീറ്റ് ബാരിയറിൽ ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർ ചെറു പരിക്കുകളോടെ രക്ഷപ്പെട്ടു.
ദുബൈ പൊലീസിന്റെ ആക്സിഡന്റ് വിദഗ്ധർ അടങ്ങുന്ന സംഘം ഉടൻ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ക്ഷീണമുള്ള സമയങ്ങളിലും ഉറക്കം വരുമ്പോഴും ഡ്രൈവ് ചെയ്യുന്നത് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയോ ഉയരുകയോ ചെയ്യുക, ഉയർന്ന രക്തസമ്മർദം, മാനസികമായ തളർച്ച, പെട്ടെന്ന് ബോധം നഷ്ടപ്പെടുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്ന സമയങ്ങളിലും വാഹനമോടിക്കരുതെന്ന് പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

