കാൻവാസ് പദ്ധതി ഗ്രാമങ്ങളെയും സുന്ദരിയാക്കും
text_fieldsഅബൂദബിയിൽ തെരുവിൽ ഒരുക്കിയ ചുമർചിത്രം
അബൂദബി: പൊതു ഇടങ്ങളെ മികച്ച കലാസൃഷ്ടികളാക്കി മാറ്റുന്ന അബൂദബി കാൻവാസ് പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. നഗരങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പദ്ധതി ഉൾപ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. രാജ്യാന്തര കലാകാരന്മാരെ കൂടാതെ ഇത്തവണ അഞ്ച് ഇമാറാത്തി കലാകാരന്മാരുടെയും നാല് വിദ്യാർഥികളുടെയും കലാസൃഷ്ടികളും പൊതു ഇടങ്ങളെ വർണമനോഹരമാക്കും.
മുബാദല, അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) എന്നിവയുമായി സഹകരിച്ച് അബൂദബി നഗര, ഗതാഗത വകുപ്പാണ് (ഡി.എം.ടി) ഇതിന് മുൻകൈയെടുക്കുന്നത്.
റബ്ദാന്‍ മേഖലയില്‍നിന്നുള്ള അഞ്ച് ഇമാറാത്തി കലാകാരന്മാരുടെയും ഡെലിവറി റൈഡേഴ്സ് ഹബുകളില്‍ നടന്ന നാഷനല്‍ ആര്‍ട്ട് എക്സ്പ്രഷന്‍സ് എക്ബിഷനില് പങ്കെടുത്ത നാല് വിദ്യാര്‍ഥികളുടെയും കലാസൃഷ്ടികളാണ് പദ്ധതിയുടെ ഭാഗമായി പൊതു ഇടങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കുക. 17 ചുമരുകളിലും 26 നടപ്പാതകളിലും15 പെട്ടികളിലുമാണ് അഞ്ച് ഇമാറാത്തി കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുക.
യു.എ.ഇയുടെ സമ്പന്നമായ പൈതൃകവും കലാ പാരമ്പര്യവുമായിരിക്കും പദ്ധതിയിലൂടെ അനാവരണം ചെയ്യപ്പെടുകയെന്ന് അബൂദബി നഗര, ഗതാഗത വകുപ്പിലെ ഓപറേഷന്‍സ് കാര്യ ഡയറക്ടര്‍ ജനറല്‍ സലി അല്‍ കാബി പറഞ്ഞു. പ്രധാന കെട്ടിടങ്ങളുടെ മതിൽ, ചുമർ, ബസ് സ്റ്റോപ്, നടപ്പാത തുടങ്ങിയിടങ്ങളിലെല്ലാം കലാസൃഷ്ടികൾ ഇടംപിടിക്കും. സന്ദർശകർക്കും നിവാസികൾക്കും നഗര, ഗ്രാമപ്രദേശങ്ങളിലുള്ളവർക്കും സൗന്ദര്യം ആസ്വദിക്കാമെന്നതാണ് ലക്ഷ്യം.
ഡെലിവറി റൈഡര്‍മാര്‍ക്കായി ഒരുക്കിയിരിക്കുന്ന ഡെലിവറി റൈഡേഴ്സ് ഹബ് ശീതീകരിച്ചതും ഇരിപ്പിടവും കുടിവെള്ള സൗകര്യവും ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകളും സജ്ജമാക്കിയവയാണ്. ഈ ഹബുകളുടെ പുറത്താണ് മനോഹര ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

