ഹവാല ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ കാമ്പയിന്‍
text_fieldsഅബൂദബി: രജിസ്‌ട്രേഷനുള്ള ഹവാല ഇടപാടുകാരുടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ സുതാര്യമാണെന്ന് ഉറപ്പാക്കാന്‍ കാമ്പയിനുമായി യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്. ഹവാലക്കാര്‍ വിദേശ രാജ്യങ്ങളിലേക്കു നടത്തുന്ന പണമിടപാടുകള്‍ യു.എ.ഇയുടെ നിയമങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, പണം അയക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും സംബന്ധിച്ച് സമൂഹത്തെ ബോധവത്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ കാമ്പയിന്‍ നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് തടയുകയും കാമ്പയിന്‍റെ ലക്ഷ്യമാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു.
ഹവാല ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത് അനധികൃത പണമിപാടുകള്‍ നിയന്ത്രിക്കാന്‍ സഹായകമായിട്ടുണ്ടെന്ന് ഫെഡറല്‍ ക്രിമിനല്‍ പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ അസീസ് അല്‍ അഹ്മദ് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം നല്‍കല്‍ തുടങ്ങിയ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയുള്ള നടപടി ശക്തമാക്കാന്‍ 2020ലാണ് ഹവാല ഇടപാടുകാര്‍ക്ക് സെന്‍ട്രല്‍ ബാങ്ക് രജിസ്‌ട്രേഷന്‍ നടപ്പാക്കിയത്. ബാങ്കിങ് സൗകര്യങ്ങളില്ലാത്ത ഉള്‍പ്രദേശങ്ങളിലെ നിരക്ഷരരുടെ ധനവിനിമയം എന്ന രീതിയില്‍ ഹവാല ഇടപാടുകള്‍ക്ക് യു.എ.ഇ നേരത്തെ അനുമതി നല്‍കിയിരുന്നു.
പ്രാദേശിക കറന്‍സി നല്‍കിയാല്‍ അതതു രാജ്യത്തെ കറന്‍സി വീട്ടിലെത്തിക്കുന്നതാണ് ഹുണ്ടിക്കാരുടെ രീതി. ധനവിനിമയ സ്ഥാപനങ്ങള്‍ വ്യാപകമാകാത്ത കാലത്ത് തുടങ്ങിയ ഹവാലയിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും മറ്റും വ്യാപകമായതോടെ അധികൃതര്‍ കര്‍ക്കശ നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതേസമയം, ഇന്ത്യയില്‍ ഹവാല വഴി എത്തുന്ന പണം നിയമവിരുദ്ധമായതിനാല്‍ അനധികൃതമായാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

