രണ്ടു വർഷത്തിനപ്പുറം മിലാനിൽനിന്ന് വിളിയെത്തി; ആ പാസ്പോർട്ടുകൾ ഇവിടെയുണ്ട്...
text_fieldsസ്നേഹയും മാർകോസും റഫായേലും ഇറ്റലിയിലെ വെനീസിൽ
ദുബൈ: രണ്ടാഴ്ച മുമ്പാണ് ആലപ്പുഴ ചെങ്ങന്നൂരുള്ള ലൈല എബ്രഹാമിെൻറ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറിൽനിന്ന് ഫോൺവിളി എത്തിയത്. ഇൻറർനാഷനൽ കാൾ ആയതിനാൽ തട്ടിപ്പ് സാധ്യത മുന്നിൽക്കണ്ട് ഫോൺ എടുത്തില്ല. അതോടെ വിളി വാട്സ്ആപ്പിലായി. കോഡ് പരിശോധിച്ചപ്പോൾ ഇറ്റലിയിലെ മിലാനിൽ നിന്നാണ് വിളിക്കുന്നതെന്ന് മനസ്സിലായി. ഇതിനു പിന്നാലെ വാട്സ്ആപ്പിൽ ഇറ്റാലിയൻ നമ്പറിൽ നിന്ന് സന്ദേശവുമെത്തി 'നിങ്ങളുടെ പാസ്പോർട്ടുകൾ അടങ്ങിയ ബാഗ് ഇവിടെ കിട്ടിയിട്ടുണ്ട്. എന്ത് ചെയ്യണം'...2019ൽ മിലാൻ യാത്രക്കിടെ നഷ്ടപ്പെട്ട ബാഗും പാസ്പോർട്ടും രണ്ടു വർഷത്തിനുശേഷം തിരിച്ചുകിട്ടിയ കഥ ദുബൈയിലെ മാധ്യമ പ്രവർത്തക സ്നേഹ മേയ് ഫ്രാൻസിസ് പറയുന്നു:
2019 ജൂലൈയിലാണ് ചെറിയൊരു ട്രിപ്പിനായി മിലാനിലേക്ക് വിമാനം കയറിയത്. ഭർത്താവ് മാർകോസ് എബ്രഹാമിനും മകൻ റഫായേലിനുമൊപ്പമായിരുന്നു യാത്ര. അമേരിക്കയിൽ നിന്ന് ഭർത്താവിെൻറ സഹോദരനും കുടുംബവും മിലാനിൽ എത്തിയിരുന്നു. ചെറിയൊരു കുടുംബ സംഗമവും ഇറ്റലി ട്രിപ്പുമായിരുന്നു ലക്ഷ്യം. രണ്ടു വിമാനത്താവളങ്ങളിലായാണ് വിമാനം ഇറങ്ങിയത്. മറ്റൊരു കഫെയിൽ ഒരുമിക്കാം എന്നായിരുന്നു തീരുമാനം. കഫെയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഭർത്താവ് പവർ ബാങ്കിനായി ബാഗ് അന്വേഷിച്ചു. അപ്പോഴാണ് കൈയിലുണ്ടായിരുന്ന ബാഗ് പാക് നഷ്ടമായ വിവരം അറിയുന്നത്. ബാഗിൽ പണം ഉണ്ടായിരുന്നില്ല. പക്ഷേ, അതിനേക്കാൾ വിലപ്പെട്ട മറ്റൊന്നുണ്ടായിരുന്നു, ഞങ്ങളുടെ മൂന്ന് പേരുടെയും പാസ്പോർട്ട്. ഒരുമാസം മുമ്പ് സ്വിറ്റ്സർലൻഡിലെത്തിയ സുഹൃത്തിെൻറ പാസ്പോർട്ട് നഷ്ടമായതിനെ തുടർന്ന് ഒരുമാസത്തോളം അവിടെ കുടുങ്ങിയ കഥ മനസ്സിലൂടെ മിന്നിമാഞ്ഞു. ഉടനെയൊന്നും മടങ്ങാനാവില്ലെന്ന ആധിയിൽ റഫായേലിെൻറ കരച്ചിലിന് ശക്തി ഏറി വന്നു. അവെൻറ ഷൂസും ഐ പാഡുമെല്ലാം ആ ബാഗിലായിരുന്നു.
അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞെങ്കിലും പൊലീസിൽ പരാതി നൽകാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് കൈമലർത്തി. സി.സി ടി.വി പരിശോധിക്കാൻ പോലും അവർ തയാറായില്ല. ഒടുവിൽ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസുകാർക്ക് ഇംഗ്ലീഷ് അറിയാത്തതിനാൽ ഭാഷയും പ്രശ്നമായി. എങ്കിലും ഒരുവിധത്തിൽ അവരെ പറഞ്ഞ് മനസ്സിലാക്കി പരാതി നൽകി. അടുത്ത ലക്ഷ്യം ഇന്ത്യൻ കോൺസുലേറ്റാണ്. അവിടെയെത്തി എമർജൻസി പാസ്പോർട്ടിന് അപേക്ഷ നൽകണം. പക്ഷേ, അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. അടുത്ത ദിവസം ഇന്ത്യൻ കോൺസുലേറ്റിലും യു.എ.ഇ എംബസിയിലും വിളിച്ചു. ഒരു ദിവസം കൂടി കാത്തിരിക്കൂ, ബാഗ് ചിലപ്പോൾ തിരികെ കിട്ടിയേക്കാം എന്നായിരുന്നു അവരുടെ മറുപടി. മനസ്സില്ലാ മനസ്സോടെ രണ്ടാം ദിവസം വെനീസിലേക്ക് കറങ്ങാൻ പോയി. ഒമ്പതു ദിവസത്തെ ട്രിപ്പ് അഞ്ച് ദിവസമായി ചുരുക്കാൻ തീരുമാനിച്ചു.
എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ചെത്തണമെന്ന് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അഞ്ചു ദിവസത്തെ ഇറ്റാലിയൻ ദിനങ്ങളിൽ മൂന്നു ദിവസവും എംബസിയിലും കോൺസുലേറ്റിലും പൊലീസ് സ്റ്റേഷനിലുമായിരുന്നു. ഒടുവിൽ കേരളത്തിലേക്ക് എമർജൻസി പാസ്പോർട്ട് ലഭിച്ചു. തിരിച്ചുപോകേണ്ടത് ദുബൈയിലേക്കായിരുന്നെങ്കിലും പാസ്പോർട്ട് എടുത്തത് കേരളത്തിൽ നിന്നായിരുന്നതിനാൽ കൊച്ചിയിലേക്കാണ് അനുമതി ലഭിച്ചത്. കിട്ടിയത് ഭാഗ്യം എന്ന് കരുതി കൊച്ചിയിേലക്ക് തിരിച്ചു. കേരളത്തിലെത്തി 15 ദിവസം തങ്ങിയശേഷമാണ് പുതിയ പാസ്പോർട്ട് ലഭിച്ചത്.
പാളിപ്പോയ ഇറ്റാലിയൻ യാത്ര മറക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാഴ്ച മുമ്പ് ഭർത്താവിെൻറ അമ്മ ലൈല എബ്രഹാമിെൻറ ഫോണിലേക്ക് ഇറ്റലിയിൽ നിന്ന് ഫോൺ വന്നത്. ബാഗ് ഇവിടെ കിട്ടിയിട്ടുണ്ടെന്നും എന്തുചെയ്യണമെന്നുമായിരുന്നു ചോദ്യം. ഞങ്ങൾ അവരെ തിരിച്ചുവിളിച്ചു. 2019 ആഗസ്റ്റിൽ തന്നെ നിങ്ങളുടെ ബാഗ് തിരികെ കിട്ടിയിരുന്നെന്നും എന്നാൽ, പാസ്പോർട്ട് റദ്ദാക്കിയെന്ന് കാണിച്ചതിനാൽ അറിയിക്കാതിരുന്നതാണെന്നും ഇറ്റാലിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഐ പാഡ് ഉൾപ്പെടെയുള്ള വിലപ്പെട്ട വസ്തുക്കളുള്ളതിനാലാണ് ഇപ്പോൾ വിളിച്ചതെന്നും അവർ അറിയിച്ചു. ഒടുവിൽ നാലു ദിവസം മുമ്പ് ആ ബാഗ് ഞങ്ങളെ തേടി കൊറിയറിൽ എത്തി. റഫായേലിെൻറ കുഞ്ഞു ഷൂസും ഞങ്ങളുടെ യാത്ര കുളമാക്കിയ പാസ്പോർട്ടും ഐ പോഡുമെല്ലാം ഒരു കോട്ടവും തട്ടാതെ ബാഗിനുള്ളിലുണ്ടായിരുന്നു. ആഘോഷമായ അൺബോക്സിങ്ങിലൂടെയാണ് ഞങ്ങൾ ആ ബാഗ് തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

