നാളെ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം
text_fieldsദുബൈ: റമദാൻ മാസപ്പിറവി കാണാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച നിരീക്ഷണം നടത്തണമെന്ന് യു.എ.ഇ ഫത്വ കൗൺസിൽ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഹിജ്റ മാസം ശഅ്ബാൻ 29 ആണ് ചൊവ്വാഴ്ച.
മാസപ്പിറവി കാണുകയാണെങ്കിൽ ബുധനാഴ്ച റമദാൻ ഒന്നായിരിക്കും. ഇല്ലെങ്കിൽ ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയാണ് വ്രതം ആരംഭിക്കുക. റമദാൻ മാസപ്പിറവി നിർണയ കമ്മിറ്റി ചൊവ്വാഴ്ച വൈകീട്ട് 6ന് അബൂദബിയിലെ ചരിത്രപ്രസിദ്ധമായ ഖസർ അൽ ഹുസ്നിൽ ചേരുമെന്നും കൗൺസിൽ അറിയിച്ചു.
യു.എ.ഇ ഫത്വ കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ശൈഖ് അൽ മഹ്ഫൂസ് ബിൻ ബയ്യ അധ്യക്ഷനാകുന്ന കമ്മിറ്റിയിൽ കൗൺസിൽ വൈസ് ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദാരിയും പങ്കെടുക്കും. മഗ്രിബ് പ്രാർഥനക്ക് ശേഷം നടപടിക്രമങ്ങൾ ആരംഭിക്കുന്ന യോഗത്തിൽ, യു.എ.ഇയിലെ അംഗീകൃത മാസപ്പിറവി നിരീക്ഷണാലയങ്ങളിൽനിന്നുള്ള റിപ്പോർട്ടുകളും കണ്ടെത്തലുകളും അവലോകനം ചെയ്യും.
അംഗീകൃത രീതികൾ അടിസ്ഥാനമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിക്കുന്ന എല്ലാ റിപ്പോർട്ടുകളും കമ്മിറ്റി പരിശോധിക്കും. മാസപ്പിറവി കാണുന്നവർ ഓൺലൈൻ പ്ലാറ്റ്ഫോം വഴി റിപ്പോർട്ടുകൾ സമർപ്പിക്കാൻ കൗൺസിൽ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റിയുടെ ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞാൽ, റമദാൻ ആരംഭം സംബന്ധിച്ച പ്രഖ്യാപനം ഔദ്യോഗിക ചാനലുകൾ വഴി പുറപ്പെടുവിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

