78 പരിസ്ഥിതിസൗഹൃദ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം
text_fieldsമന്ത്രിസഭായോഗത്തിന് എത്തിച്ചേരുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും
അബൂദബി: ആഗോള കാലാവസ്ഥാ ഉച്ചകോടി(കോപ് 28)ക്ക് യു.എ.ഇ ഈ വർഷം നവംബറിൽ ആതിഥ്യമരുളുന്ന സാഹചര്യത്തിൽ പരിസ്ഥിതി സൗഹൃദ പദ്ധതികളും നടപടികളും സജീവമാക്കുന്നു. ഇതിന്‍റെ ഭാഗമായി 78പുതിയ പദ്ധതികൾക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. കാർബൺ പുറന്തള്ളുന്നത് കുറക്കുന്നതിനും സൗരോർജ്ജ ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും സുസ്ഥിര വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിനുള്ള നടപടികൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബൂദബിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
2050ഓടെ ശുദ്ധ ഊര്‍ജ ഉല്‍പാദനത്തിലൂടെ വരും തലമുറകള്‍ക്ക് കൂടി ആരോഗ്യകരമായ ജീവിത അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് യു.എ.ഇ സ്വീകരിച്ചുവരുന്നത്. പരിസ്ഥിതിക്ക് വേണ്ടിയുള്ള ലോകരാജ്യങ്ങളുടെ പാരീസ് ഉടമ്പടിയുമായി യോജിക്കുന്നതാണ് യു.എ.ഇ നെറ്റ് സീറോ 2050 സംരംഭം.
യു.എ.ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് 2050ഓടെ നെറ്റ് സീറോ സംരംഭം നടപ്പാക്കുന്നത്. കാലാവസ്ഥ വ്യതിയാന വെല്ലുവിളി നേരിടുന്നതിനും ഹരിതഗൃഹ വാതകം പുറംതള്ളുന്നത് കുറക്കുന്നതിനുമുള്ള യു.എ.ഇ മാതൃകയില്‍ പ്രധാനം പുനരുപയോഗ ഊര്‍ജമാണ്. ശുദ്ധമായ ഊര്‍ജ ഉല്‍പാദന വിന്യാസത്തിന് 15 വര്‍ഷങ്ങള്‍ക്ക് മുമ്പേ യു.എ.ഇ ക്ലീന്‍ എനര്‍ജി പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നുണ്ട്. ഈ മേഖലയില്‍ 40 ബില്യനിലേറെ യു.എസ് ഡോളറാണ് യു.എ.ഇയുടെ നിക്ഷേപം.
2015ല്‍ 100 മെഗാവാട്ടായിരുന്നു യു.എ.ഇയുടെ ശുദ്ധ ഊര്‍ജ ഉൽപാദന ശേഷി. 2020ല്‍ ഇത് 2.4 ജിഗാവാട്ടിലെത്തി. 2030ഓടെ സൗര, ന്യൂക്ലിയര്‍ ഉള്‍പ്പെടെ ശുദ്ധ ഊര്‍ജ ഉല്‍പ്പാദനം 14 ജിഗാവാട്ട് നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ കണ്ടൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് അടക്കം നിരവധി പദ്ധതികളും യു.എ.ഇ സജീവമായി നടപ്പിലാക്കുന്നുണ്ട്.
പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകിയതോടെ പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് ഗതിവേഗം കൈവരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.യോഗത്തിൽ എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റിയുടെ പുനഃക്രമീകരണത്തിനും മന്ത്രിസഭ അംഗീകാരം നൽകി. യു.എ.ഇ വൈസ് പ്രസിഡൻറും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് അതോറിറ്റിയുടെ പുതിയ ചെയർമാൻ. സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിലയിരുത്തലും യോഗത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

