വിസ്മയിപ്പിക്കാൻ ചിത്രശലഭ ഉദ്യാനം
text_fieldsഅബൂദബി: എമിറേറ്റിലെ ആദ്യ ചിത്രശലഭ ഉദ്യാനം സെപ്റ്റംബറില്‍ തുറക്കും. വിനോദസഞ്ചാര മേഖലയിലെ പ്രധാന പരിപാടിയായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് 2025ലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സന്ദര്‍ശകര്‍ക്ക് മറ്റൊരു ദൃശ്യവിരുന്നുകൂടി ചിത്രശലഭ ഉദ്യാനത്തിലൂടെ സമ്മാനിക്കാന്‍ അബൂദബിക്ക് ഇതിലൂടെയാവും. അല്‍ ഖനയിലെ നാഷനല്‍ അക്വേറിയത്തിനു സമീപമാണ് അബൂദബി ഉദ്യാനം തുറക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ ചിത്രശലഭങ്ങളാവും ഇവിടെയുണ്ടാവുക. ഏഷ്യയിലെയും അമേരിക്കയിലെയും സമ്പന്നമായ ആവാസവ്യവസ്ഥ രണ്ട് മേല്ക്കൂരകള്ക്കു കീഴില്‍ പുനസൃഷ്ടിച്ചാണ് ചിത്രശലങ്ങള്ക്കായുള്ള ഉദ്യാനം തയ്യാറാക്കുന്നത്. മുതലകള്‍, സ്ലോത്തുകള്‍, കോയി കാര്‍പ്, ബിയര്ക്യാറ്റ്(വെരുക്), കോയി കാര്‍പ് മല്‍സ്യം മുതലായവക്കുള്ള ആവാസകേന്ദ്രവും ഉദ്യാനത്തില്‍ ഒരുക്കും.
ഡിസംബറില്‍ അബൂദബി നഗര, ഗതാഗത വകുപ്പ് അല്‍ മമൂറയിലെ 70 മീറ്റര്‍ നീളമുള്ള എമിറേറ്റിലെ ആദ്യത്തെ ശീതീകരിച്ച നടപ്പാത തുറന്നിരുന്നു. മാതൃകാപദ്ധതിയെന്ന നിലക്കായിരുന്നു അല്‍ മമൂറയിലെ തുറസ്സായ ശീതീകരിച്ച നടപ്പാത തയ്യാറാക്കിയത്. തറയുടെ അടിയിലാണ് ശീതീകരണ സംവിധാനം സ്ഥാപിച്ചത്. ശബ്ദം കുറയ്ക്കുന്ന ചുവരുകളും സൂര്യപ്രകാശം തടയുന്നതിനായി സ്ഥാപിച്ച മേല്‍ക്കൂരയും ഈ നടപ്പാതക്കുണ്ട്. അബൂദബി മുസഫ മേഖലയിലെ ജനങ്ങള്‍ കൂടുതലായി താമസിക്കുന്ന മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 33 പുതിയ പാര്‍ക്കുകളാണ് അബൂദബി നഗര, ഗതാഗത വകുപ്പ് തുറന്നത്. അബൂദബി നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിനോദ ഇടങ്ങളോടു കൂടിയ വിവിധ സൗകര്യങ്ങളോടെ പാര്‍ക്കുകള്‍ തുറന്നത്. പിക്നിക് മേഖലകള്‍, കുട്ടികളുടെ കളിയിടങ്ങള്‍, തണലിനു കീഴെയുള്ള ഇരിപ്പിടങ്ങള്‍, ഫിറ്റ്നസ് സോണുകള്‍, ജോഗിങ് ട്രാക്കുകള്‍ മുതലായവയാണ് പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുള്ളത്. ബാസ്കറ്റ്ബാള്‍, വോളിബാള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകൾ എന്നിവ കായികപ്രേമികളെ ഉദ്ദേശിച്ച് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നു. നിശ്ചയദാര്‍ഢ്യ വിഭാഗക്കാർക്കായി പ്രത്യേക സൗകര്യവും പാര്ക്കിലേര്പ്പെടുത്തിയിട്ടുണ്ട്.
1200കോടി ദിര്‍ഹം ചെലവഴിച്ചു നിര്‍മിക്കുന്ന സമൂഹ വികസന പദ്ധതികളുടെ ഭാഗമായിട്ടാണ് പാര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. 2025ഓടെ 277 പുതിയ പാര്‍ക്കുകള്‍ നിര്‍മിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ 180ഉം അബൂദബിയിലാണ്. അല്‍ഐനില്‍ 80ഉം അല്‍ ദഫ്റയില് 17ഉം പാര്‍ക്കുകളാണ് പുതുതായി വരുന്നത്. കാല്‍നട പാതകള്‍, സൈക്ലിങ് പാതകള്‍, സൗന്ദര്യവല്‍ക്കരണ ജോലികള്‍, കായിക ഇടങ്ങള്‍, ക്ലിനിക്കുകള്‍, പള്ളികള്‍, പാര്‍ക്കുകള്‍, പച്ചപ്പുകള്‍ തുടങ്ങിയവയാണ് നിര്‍മിക്കുന്നത്.
ലോകോത്തര നിലവാരത്തിന് അനുസൃതമായ ജീവിതസാഹചര്യമൊരുക്കുകയും ആരോഗ്യജീവിതത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി അബൂദബിയില്‍ നേരത്തേ തന്നെ നിരവധി വിനോദ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. 46 പോക്കറ്റ് പാര്‍ക്കുകള്‍, 94 കളിയിടങ്ങള്‍ മുതലായവയാണ് ജനങ്ങള്‍ക്കായി ഒരുക്കി നല്‍കിയിട്ടുണ്ട്. എമിറേറ്റിന്റെ അടിസ്ഥാന സൗകര്യ വികസനം, റോഡ് സുരക്ഷ, താമസക്കാര്‍ക്കായി വിനോദ സൗകര്യങ്ങള്‍ തുടങ്ങി നിരവധി പ്രധാന പദ്ധതികളാണ് നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

