അബൂദബിയില്‍ ബിസിനസ് ഇനി എളുപ്പത്തിൽ തുടങ്ങാം
text_fieldsഅബൂദബി: എമിറേറ്റിൽ ബിസിനസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിനായി പുതിയ അതോറിറ്റി സ്ഥാപിച്ചു. അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനാണ് അബൂദബി രജിസ്ട്രേഷന് അതോറിറ്റി (അദ്ര)ക്കു തുടക്കം കുറിച്ചത്. പ്രാദേശിക, അന്താരാഷ്ട്ര വിപണികളുമായി ബിസിനസുകള്‍ ബന്ധിപ്പിച്ചുകൊണ്ട് എമിറേറ്റിന്റെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ ദൃഢമാക്കുകയാണ് ലക്ഷ്യം. അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെ (എ.ഡി.സി.സി.സി) ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുക.
ഇതിനു പുറമേ നവ സാങ്കേതിക പരിഹാരങ്ങള്‍ക്കും തദ്ദേശീയ ഉൽപാദനത്തിനുമായി മൂന്ന് പുതിയ പദ്ധതികള്‍ കൂടി അധികൃതര്‍ പ്രഖ്യാപിച്ചു. അബൂദബി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍സ്ട്രീസിന് കീഴിൽ ഖലീഫ ഫണ്ട് ഫോര്‍ എന്റര്‍പ്രൈസ് ഡവലപ്മെന്റ് പദ്ധതി, എം.ഇ.ഇസഡ്.എന്‍ വെഞ്ച്വര്‍ സ്റ്റുഡിയോസ്, ഫാമിലി ബിസിനസ് കൗണ്‍സില്‍ എന്നിവയാണ് പുതിയ പദ്ധതികള്‍. നൂതന സാങ്കേതിക പരിഹാരങ്ങള്‍, പ്രാദേശിക ഉൽപാദനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ വ്യവസായ മേഖലയാണ് എം.ഇ.ഇസഡ്.എന്‍. വെഞ്ച്വര്‍ സ്റ്റുഡിയോസ്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനൊപ്പം ബിസിനസുകളുടെ വളര്‍ച്ചയെ പിന്തുണക്കുന്ന അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.
എമിറേറ്റിലുടനീളമുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനാണ് പുതിയ നയത്തിലൂടെ ഖലീഫ ഫണ്ട് ലക്ഷ്യമിടുന്നത്. കുടുംബ ബിസിനസുകള്‍ പിന്തുണക്കാന്‍ ഫാമിലി ബിസിനസ് കൗണ്‍സിലും ആരംഭിച്ചിട്ടുണ്ട്. കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകളെ പിന്തുണക്കാനായി അബൂദബി ഫാമിലി ബിസിനസ് കൗണ്‍സില്‍ നിലകൊള്ളും. വ്യാപാര മേഖലയിലെ മുന്‍ഗണനകള്‍, വെല്ലുവിളികള്‍ എന്നിവ മനസ്സിലാക്കാന്‍ ബിസിനസുകളെ സഹായിക്കാനാണ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.
അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ (അഡ്നെക്) ചേര്‍ന്ന പ്രഥമ അബൂദബി ബിസിനസ് വാരത്തിലായിരുന്നു (എ.ഡി.ബി.ഡബ്ല്യു) പദ്ധതികളുടെ പ്രഖ്യാപനം. ബിസിനസ് മേഖലയിലെ പൊതു-സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. 150ലേറെ പ്രഭാഷകരും ബിസിനസ് എക്സിക്യൂട്ടിവുകള്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരുള്‍പ്പെടെ 8000 വിദഗ്ധരും പരിപാടിയുടെ ഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

