വേനലിന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സജ്ജം
text_fieldsബസ് കാത്തിരിപ്പുകേന്ദ്രത്തിലെ സംവിധാനങ്ങൾ പരിശോധിക്കുന്ന ആർ.ടി.എ ഉദ്യോഗസ്ഥൻ
893 ബസ് ഷെൽട്ടറുകളിൽ എ.സി സംവിധാനം ഉറപ്പാക്കി
ദുബൈ: വേനൽ കനക്കുന്നതിനിടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കി പൂർണ സജ്ജമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നഗരത്തിലെ 622 സ്ഥലങ്ങളിലെ 893 ശീതീകരിച്ച ബസ് ഷെൽട്ടറുകൾ പൂർണ പ്രവർത്തന സജ്ജമെന്ന് പ്രസ്താവനയിൽ അറിയിച്ചു. യൂനിവേഴ്സൽ പീപ്ൾ ഓഫ് ഡിറ്റർമിനേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകളെന്ന് ആർ.ടി.എ കൂട്ടിച്ചേർത്തു. വീൽചെയർ ഉപയോക്താക്കൾക്കായി നിശ്ചിത സ്ഥലങ്ങളും എമിറേറ്റിലെ ബസ് ഗതാഗത ശൃംഖലയെ ചിത്രീകരിച്ച ദിശാസൂചന അടയാളങ്ങളും കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടെ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി വേനൽക്കാലത്തിന് മുന്നോടിയായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയതായി ആർ.ടി.എ ബിൽഡിങ് ആൻഡ് ഫെസിലിറ്റീസ് വിഭാഗം ഡയറക്ടർ ശൈഖ അഹ്മദ് അൽ ശൈഖ് പറഞ്ഞു. സമൂഹത്തിന് ഏറ്റവും മികച്ച സേവനം നൽകുന്നതിന് അറ്റകുറ്റപ്പണികൾ അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. പരിശോധനയുടെ ഭാഗമായി എല്ലാ ഷെൽട്ടറുകളിലും പരിശോധന നടത്തുകയും സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം അടിയന്തരമായി നടപടി സ്വീകരിച്ചതായും പ്രസ്താവനയിൽ വ്യക്തമാക്കി. പരിശോധനയിൽ വാഹനങ്ങളുടെ സമയം കാണിക്കുന്ന സ്ക്രീനുകളുടെ പ്രവർത്തനവും വിലയിരുത്തി. പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ തുടർച്ചയായ ശുചീകരണത്തിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

