റോഡിൽ മഞ്ഞ ബസുകളുടെ ഘോഷയാത്ര: സ്കൂളുകളിൽ ഉണ്ണികളുടെ ഉത്സവമേളം
text_fieldsദുബൈ: അങ്ങനെ അർമാദങ്ങൾക്കും ആഘോഷങ്ങൾക്കും അവധി നൽകി കുട്ടിപ്പട്ടാളങ്ങൾ സ്കൂളിലേക്ക് തിരിച്ചെത്തി. യു.എ.ഇയിലെ സർക്കാർ, ബ്രിട്ടീഷ്, അമേരിക്കൻ സ്കൂളുകൾക്ക് അധ്യയന വർഷാരംഭമായിരുന്നെങ്കിൽ ഏഷ്യൻ സ്കൂളുകളിൽ രണ്ടാം പാദത്തിെൻറ തുടക്കമായിരുന്നു ഞായറാഴ്ച. സ്കൂളുകളിൽനിന്ന് കളിചിരിമേളങ്ങൾ നിറഞ്ഞൊഴുകിയപ്പോൾ യു.എ.ഇയിലെ റോഡുകളിൽ സ്കൂൾ സമയ തിരക്കുകൾ തിരിച്ചെത്തി. ഞായറാഴ്ച രാവിലെ മുതൽ കുട്ടികളെ വഹിച്ചുള്ള മഞ്ഞ നിറമുള്ള സ്കൂൾ ബസുകൾ റോഡുകളിൽ നിറഞ്ഞു.
രക്ഷിതാക്കളുടെ സ്വകാര്യ വാഹനങ്ങളും ജോലിസ്ഥലങ്ങളിലെത്താൻ രാവിലെ പുറപ്പെടുന്നവരുടെ വാഹനങ്ങളും കൂടി ആയപ്പോൾ ഇത്തിഹാദ് റോഡും മുഹമ്മദ് ബിൻ സായിദ് റോഡും ഉൾപ്പെടെ പല പ്രധാന പാതകളും ഞെരുങ്ങി. എല്ലായിടത്തും പൊലീസ് സംഘങ്ങൾ മുൻകരുതലോടെ നിലയുറപ്പിച്ചിരുന്നതിനാൽ തിരക്കും അപകടങ്ങളും നിയന്ത്രിക്കാനായി.
ഹിജ്റ വർഷാരംഭ അവധി ഞായറാഴ്ച ലഭിക്കുമെന്ന കണക്കുകൂട്ടലിലിരുന്ന കുറെ കുട്ടികൾ ആദ്യ ദിവസം അവധിയിലായിരുന്നു. ഒാണം കൂടി കഴിഞ്ഞ് നാട്ടിൽനിന്നു വരാമെന്ന് കരുതി നിൽക്കുന്ന കുറച്ച് മലയാളിക്കുട്ടികളും ഇനി എത്താനുണ്ട്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സ്കൂൾ പുതുവർഷത്തിൽ കുഞ്ഞുങ്ങൾക്ക് ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
