ഓഹരി ഉടമകൾക്ക് 301 കോടി ലാഭവിഹിതം നൽകാൻ ബുർജീൽ
text_fieldsഅബുദാബി: ‘മെന’ മേഖലയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്‌സ് 2025 സാമ്പത്തിക വർഷത്തിൽ മികച്ച നേട്ടം കൈവരിച്ച സാഹചര്യത്തിൽ ഓഹരിയുടമകൾക്കായി 301 കോടി രൂപ(12 കോടി ദിർഹം) ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. ഒരു സാധാരണ ഓഹരിക്ക് ഏകദേശം 50 പൈസ(0.02 ദിർഹം) വീതമാകും ലഭിക്കുക. ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് തീരുമാനം.
കഴിഞ്ഞ വർഷം ബുർജീൽ ഹോൾഡിങ്‌സ് അറ്റാദായത്തിൽ 39.5 ശതമാനം വളർച്ച രേഖപ്പെടുത്തി 1,261 കോടിയിലധികം രൂപ(50.3 കോടി ദിർഹം) കരസ്ഥമാക്കിയിരുന്നു. സങ്കീർണ ചികിത്സാ രീതികൾക്കും സ്പെഷ്യലൈസ്ഡ് സെന്ററുകൾക്കും നൽകിയ മുൻഗണനയാണ് വൻ കുതിപ്പിന് പിന്നിലെന്ന് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. 2025ൽ ഗ്രൂപ്പിന്റെ മൊത്തം വരുമാനം 9.5 ശതമാനം വർധിച്ച് 13,760 കോടി രൂപയിൽ(548.6 കോടി ദിർഹം) എത്തി. കഴിഞ്ഞ വർഷം 70 ലക്ഷത്തിലധികം രോഗികളാണ് ബുർജീലിന്റെ വിവിധ കേന്ദ്രങ്ങളിൽ ചികിത്സ തേടിയത്.
പ്രവർത്തന മികവിലും വലിയ മുന്നേറ്റമാണ് ഗ്രൂപ്പ് കാഴ്ച വെച്ചത്. പലിശക്കും നികുതിക്കും മുൻപുള്ള ലാഭം 19.9 ശതമാനം വർധിച്ച് 2,734 കോടി രൂപയായി(108.9 കോടി ദിർഹം) ഉയർന്നു. ജീവനക്കാരുടെ വിന്യാസം, സംഭരണം, മറ്റ് ചിലവുകൾ എന്നിവയിൽ വരുത്തിയ അച്ചടക്കമുള്ള നിയന്ത്രണങ്ങൾ ലാഭക്ഷമത വർധിപ്പിക്കാൻ സഹായിച്ചു. യു.എ.ഇയിലും സൗദിയിലുമായി ആശുപത്രി ശൃംഖലകളും അത്യാധുനിക സർജറി സെന്ററുകളും വ്യാപിപ്പിക്കുന്നതിലൂടെ വരും വർഷങ്ങളിലും സുസ്ഥിരമായ വളർച്ച നിലനിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

