റേഡിയേഷൻ ഓങ്കോളജി ശൃംഖല സ്ഥാപിക്കാൻ ബുർജീൽ
text_fieldsദുബൈ ആസ്ഥാനമായ എ.സി.ഒ.സിയുടെ ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച ശേഷം ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിലിനും സീനിയർ മാനേജ്മെന്റ് ടീമിനുമൊപ്പം ഓഹരി ഉടമകൾ
അബൂദബി: ജി.സി.സിയിലെ അർബുദ പരിചരണ മേഖല ശക്തിപ്പെടുത്താനായി മുൻനിര റേഡിയേഷൻ ഓങ്കോളജി ശൃംഖല ആരംഭിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ്. ഇതിനായി ദുബൈ ആസ്ഥാനമായ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്ററിന്റെ (എ.സി.ഒ.സി)യുടെ 80 ശതമാനം ഓഹരികൾ ബുർജീൽ ഏറ്റെടുത്തു. റേഡിയേഷൻ തെറപ്പി, ന്യൂക്ലിയർ മെഡിസിൻ, കീമോ തെറപ്പി സേവനങ്ങളിൽ പ്രാവീണ്യം തെളിയിച്ച എ.സി.ഒ.സിയിലൂടെ നടപ്പാക്കുന്ന പദ്ധതി അർബുദ ചികിത്സരംഗത്ത് മുന്നേറ്റം സൃഷ്ടിക്കും. എ.സി.ഒ.സിയുടെ ഇക്വിറ്റി ഓഹരി 9.2കോടി ദിർഹമിനാണ്(ഏകദേശം 217 കോടി രൂപ) ബുർജീൽ ഏറ്റെടുത്തത്.
സെന്ററിന്റെ നിലവിലുള്ള കടങ്ങളോ പണമോ കണക്കാക്കാതെ, ശേഷിക്കുന്ന ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്ഷനോടെയാണ് ഏറ്റെടുക്കൽ. കഴിഞ്ഞ വർഷം എ.സി.ഒ.സി 6.4കോടി ദിർഹം വരുമാനം രേഖപ്പെടുത്തിയിരുന്നു. എ.സി.ഒ.സി സ്ഥാപകനും സി.ഇ.ഒയുമായ ബഷീർ അബൗ റെസ്ലാൻ 10ശതമാനം ഓഹരി നിലനിർത്തി സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. 10 ശതമാനം ഓഹരി നിലവിലെ ഉടമയായ റാഫേൽ ഖ്ലാത്ത് മിഡിലീസ്റ്റ് കൈവശംവെക്കും.
ജി.സി.സി മേഖലയിൽ അടുത്ത രണ്ടു ദശാബ്ദത്തിൽ അർബുദരോഗികളുടെ എണ്ണം 50 ശതമാനത്തോളം ഉയരുമെന്നാണ് കണക്ക്. അതിനെ നേരിടാൻ എ.സി.ഒ.സിയുമായി ചേർന്ന് രൂപവത്കരിക്കുന്ന റേഡിയേഷൻ ഓങ്കോളജി ശൃംഖല സഹായിക്കും. ശൃംഖലയുടെ ഭാഗമായി ആരംഭിക്കുന്ന സെന്ററുകൾ ലിനാക് സംവിധാനങ്ങൾ, എ.ഐ അധിഷ്ഠിത റേഡിയേഷൻ ആസൂത്രണം, നൂതന ഇമേജിങ് ഉപകരണങ്ങൾ എന്നിവയുൾപ്പെടുന്ന അത്യാധുനിക റേഡിയേഷൻ തെറപ്പി കേന്ദ്രങ്ങളായി പ്രവർത്തിക്കും. ഉയർന്ന നിലവാരമുള്ള റേഡിയേഷൻ ഓങ്കോളജി സേവനങ്ങൾ രോഗികൾക്ക് എത്തിക്കുക, അതിലൂടെ ഈ മേഖലയിലുടനീളം അർബുദ പരിചരണ ഫലങ്ങൾ ഗണ്യമായി വർധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ് സി.ഇ.ഒ ജോൺ സുനിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

