ആരോഗ്യപ്രവർത്തകർക്ക് 37കോടിയുടെ സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ബുർജീൽ
text_fieldsഅബൂദബി ഇത്തിഹാദ് അരീനയിൽ ഗ്രൂപ്പിന്റെ വാർഷിക ടൗൺ ഹാൾ യോഗത്തിൽ ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിൽ സംസാരിക്കുന്നു
അബൂദബി: രോഗികൾക്ക് സാന്ത്വനവും കരുതലുമായി പ്രവർത്തിക്കുന്ന മുൻനിര ആരോഗ്യപ്രവർത്തകർക്ക് 1.5 കോടി ദിർഹമിന്റെ (37 കോടി രൂപ) സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ‘മെന’ മേഖലയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ്. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിൽ അബൂദബി ഇത്തിഹാദ് അരീനയിൽ ഗ്രൂപ്പിന്റെ വാർഷിക ടൗൺ ഹാൾ യോഗത്തിൽ 8500ലധികം ജീവനക്കാരെ മുൻനിർത്തിയാണ് പ്രഖ്യാപനം നടത്തിയത്. ബുർജീൽ ഹോൾഡിങ്സ് ‘ബുർജീൽ 2.0’ എന്ന അടുത്ത വളർച്ചാ ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ബുർജീൽ പ്രൗഡ് ഇനീഷ്യറ്റിവിന്റെ ഭാഗമായാണ് അംഗീകാരം.
ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ നഴ്സിങ്, രോഗീപരിചരണം, ഓപ്പറേഷൻസ്, അനുബന്ധ സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10,000 മുൻനിര ആരോഗ്യപ്രവർത്തകർക്ക് ആനുകൂല്യം ലഭിക്കും. അർഹരായ ജീവനക്കാർക്ക് അവരുടെ ജോലിയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തെയോ അരമാസത്തെയോ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുകയാണ് നൽകുക. ഡോ. ഷംഷീറിന്റെ പ്രസംഗത്തിനിടെ ലഭിച്ച സർപ്രൈസ് എസ്.എം.എസിലൂടെയാണ് ആരോഗ്യപ്രവർത്തകർ സാമ്പത്തിക അംഗീകാരം ലഭിച്ച വിവരം അറിയുന്നത്.
ആരോഗ്യസേവനത്തിന്റെ നട്ടെല്ലായ ഫ്രണ്ട്ലൈൻ ടീമുകളുടെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണിതെന്നും അവരോടുള്ള നന്ദിയും വിശ്വാസവും പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരമെന്നും ഡോ. ഷംഷീർ പറഞ്ഞു. ബുർജീലിന്റെ വളർച്ചയിൽ യു.എ.ഇ നൽകിയ പിന്തുണയും പ്രചോദനവും അകമഴിഞ്ഞതാണെന്നും രാജ്യത്തിന്റെ നേതൃത്വം നൽകുന്ന ദിശാബോധമാണ് പുരോഗതിയുടെ അടിത്തറയെന്നും ഡോ. ഷംഷീർ കൂട്ടിച്ചേർത്തു. ബുർജീൽ ഹോൾഡിങ്സിന്റെ അടുത്ത പത്ത് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയും സമ്മേളനത്തിൽ ഡോ. ഷംഷീർ വ്യക്തമാക്കി. ബുർജീൽ മെഡിക്കൽ സിറ്റിയെ (ബി.എം.സി) 2030ഓടെ ഒരു നെക്സ്റ്റ് ജനറേഷൻ മെഡിക്കൽ സിറ്റി എക്കോസിസ്റ്റം ആക്കി മാറ്റാനുള്ള പദ്ധതിയും ഡോ. ഷംഷീർ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

