ബുർജ് ഖലീഫ-ദുബൈ മാൾ മെട്രോ സ്റ്റേഷൻ വിപുലീകരിക്കുന്നു
text_fieldsദുബൈ: ബുർജ് ഖലീഫ-ദുബൈ മാൾ മെട്രോ സ്റ്റേഷന്റെ വിപുലീകരണം പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പുതുവത്സര ദിനം, പൊതു അവധി ദിനങ്ങൾ, ദേശീയദിന പരിപാടികൾ തുടങ്ങിയ ആഘോഷ വേളകളിൽ യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് മെട്രോ സ്റ്റേഷന്റെ സൗകര്യങ്ങൾ വർധിപ്പിക്കാൻ ആർ.ടി.എ തീരുമാനിച്ചിരിക്കുന്നത്.
6700 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റേഷൻ 8500 ചതുരശ്ര മീറ്ററായി വിപുലീകരിക്കാനാണ് പദ്ധതി. ഇതുവഴി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി 65 ശതമാനം വർധിച്ച് മണിക്കൂറിൽ 7250 യാത്രക്കാരെന്നത് 12,320 യാത്രക്കാരായി ഉയരും. അതോടെ പ്രതിദിനം 2,20,000 യാത്രക്കാർക്ക് സേവനം നൽകാനാകും.
പ്ലാറ്റ്ഫോമിന്റെ വലുപ്പം കൂട്ടുക, കാൽനട മേൽപാലവും പ്രവേശനങ്ങളും മെച്ചപ്പെടുത്തുക, കൂടുതൽ എസ്കലേറ്ററുകളും എലിവേറ്ററുകളും നിർമിക്കുക, സന്ദർശകരുടെ പ്രവേശനം സുഗമമാക്കുന്നതിനായി പ്രത്യേക എൻട്രി, എക്സിറ്റ് നിർമാണം, വരുമാനം വർധിപ്പിക്കുന്നതിനായി വാണിജ്യ സ്ഥലങ്ങൾ വർധിപ്പിക്കുക, പൊതു ഗതാഗത സംവിധാനങ്ങളുമായുള്ള തടസ്സമില്ലാത്ത സംയോജനം തുടങ്ങിയവയാണ് വിപുലീകരണ പദ്ധതിയിൽ ഉൾപ്പെടുന്നത്.
കൂടാതെ മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ, വീൽചെയറുകൾ ഉപയോഗിക്കുന്ന രക്ഷിതാക്കൾ, സൈക്ലിസ്റ്റുകൾ, ഇ-സ്കൂട്ടർ ഉപയോക്താക്കൾ തുടങ്ങിയ മുഴുവൻ പേരേയും ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലായിരിക്കും സ്റ്റേഷന്റെ രൂപകൽപന. റെഡ്, ഗ്രീൻ ലൈനുകളിൽ ഉപയോഗിച്ച സീഷെൽ വാസ്തുവിദ്യതന്നെയായിരിക്കും ഇതിനും ഉപയോഗിക്കുക.
നഗരത്തിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്നായ ബുർജ് ഖലീഫ, ദുബൈ മാൾ, ഡൗൺ ടൗൺ എന്നിവക്ക് സമീപമുള്ള തന്ത്രപ്രധാനമായ സ്ഥലത്താണ് ബുർജ് ഖലീഫ/ദുബൈ മാൾ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇതുമൂലം ദുബൈ മെട്രോ ശൃംഖലയിലെ ഒരു സുപ്രധാന കേന്ദ്രമായി ഈ സ്റ്റേഷൻ മാറിയിരിക്കുകയാണെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
പുതുവത്സര ദിനം, പെരുന്നാൾ, ദേശീയദിനം, പൊതു അവധി ദിനങ്ങൾ തുടങ്ങിയ സമയങ്ങളിൽ വലിയ അളവിൽ സന്ദർശകർക്കും താമസക്കാർക്കും സൗകര്യപ്രദമായും കാര്യക്ഷമമായും സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ വിപുലീകരണം സഹായിക്കും. മെട്രോ സർവിസുകൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യകതക്കനുസൃതമായി വികസനം പുരോഗമിക്കുന്നുണ്ടെന്നും 2040 വരെ ഇത് വ്യാപിപ്പിക്കുമെന്നും അൽ തായർ കൂട്ടിച്ചേർത്തു. പുതുവത്സരാഘോഷ വേളയിൽ യാത്രക്കാരുടെ എണ്ണം 1,10,000 കവിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്റ്റേഷനിലെ ശരാശരി വാർഷിക യാത്രക്കാരുടെ വളർച്ച 7.5 ശതമാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

