ഉയരത്തിൽ രണ്ടാമനാകാൻ ബുർജ് അസീസി
text_fieldsദുബൈ: ബുർജ് ഖലീഫക്ക് പിന്നാലെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടവും ദുബൈയിൽ നിർമിക്കുന്നു. ശൈഖ് സായിദ് റോഡിലാണ് ബുർജ് അസീസി എന്ന പേരിൽ 725 മീറ്റർ ഉയരത്തിലുള്ള കെട്ടിടം നിർമിക്കുന്നത്. പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അസീസി ഡവലപ്മെന്റ്സാണ് നിർമാതാക്കൾ. 131 നിലകളിലായാണ് കെട്ടിടത്തിന്റെ നിർമാണം.
ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ ലോബി, നിശാ ക്ലബ്, നിരീക്ഷണ സ്ഥലം തുടങ്ങിയ അനവധി ലോക റെക്കോഡുകൾ സ്വന്തമാക്കാനൊരുങ്ങുകയാണ് ബുർജ് അസീസി. അടുത്ത വർഷം ഫെബ്രുവരിയിൽ നിർമാണം ആരംഭിച്ച് 2028ഓടെ പൂർത്തീകരിക്കും.
ഏഴ് സാംസ്കാരിക തീമുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സെവൻ സ്റ്റാർ ഹോട്ടൽ, പെന്റ് ഹൗസുകൾ, അപ്പാർട്ട്മെന്റുകൾ, ഹോളിഡേ ഹോമുകൾ എന്നിവയുൾപ്പെടെ വിവിധ വസതികളും ടവറിലുണ്ടാകും.
കൂടാതെ വെൽനസ് സെന്ററുകൾ, നീന്തൽ കുളം, തിയറ്ററുകൾ, ജിംനേഷ്യങ്ങൾ, ചെറു മാർക്കറ്റുകൾ, റസിഡന്റ് ലോഞ്ചുകൾ, കുട്ടികളുടെ കളിസ്ഥലം, സ്റ്റീം ബാത്ത് കേന്ദ്രങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള വിനോദ സൗകര്യങ്ങളും ഒരുക്കും. വാസ്തുകലയുടെയും ഡിസൈനിങ്ങിന്റെയും മനോഹരമായ മാതൃകയായിരിക്കും ബുർജ് അസീസിയെന്ന് നിർമാതാക്കൾ പറഞ്ഞു.
കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കുമ്പോഴേക്കും 600 കോടി ദിർഹമിലധികം ചെലവ് പ്രതീക്ഷിക്കുന്നതായി അസീസി ഡവലപ്മെന്റ്സ് സ്ഥാപകനും ചെയർമാനുമായ മിർവായിസ് അസീസി പറഞ്ഞു.
ഏറ്റവും ആഡംബര സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഭവനങ്ങൾ, വ്യത്യസ്ത ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന മാളുകൾ, ലോകത്തെ ഏറ്റവും ഉയരം കൂടിയ ഒബ്സർവേഷൻ ഡക്ക്, വൈവിധ്യമാർന്ന രുചികൾ സമ്മാനിക്കുന്ന ഹോട്ടലുകൾ തുടങ്ങിയവയാണ് ടവർ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്വലാലംപൂരിൽ സ്ഥിതി ചെയ്യുന്ന മെർഡേക്ക 118 എന്ന കെട്ടിടമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം. 679 മീറ്ററാണ് ഇതിന്റെ ഉയരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.