ബുറൈദ ഈത്തപ്പഴ നഗരിയിൽ തിരക്കേറി
text_fieldsമേള ഖസീം ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സഊദ് സന്ദർശിച്ചപ്പോൾ
ബുറൈദ: വേനൽ കടുത്ത അന്തരീക്ഷത്തിൽ ഉൽപന്നങ്ങൾ പാകമായതോടെ ബുറൈദ ഈത്തപ്പഴ നഗരിയിൽ സംഘടിപ്പിച്ച ലോക ഈത്തപ്പഴ മേളയിൽ തിരക്കേറി. കഴിഞ്ഞ ദിവസം പുലർച്ച കൊടുമ്പിരിക്കൊണ്ട ലേലത്തിന്റെ ആരവങ്ങൾക്കിടെ ഖസീം ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് മേള സന്ദർശിച്ചു. കർഷകരോടും കച്ചവടക്കാരോടും കുശലം പറഞ്ഞും പ്രദർശനങ്ങൾ നോക്കിക്കണ്ടും നഗരിയാകെ ചുറ്റിക്കറങ്ങിയുമാണ് അമീർ മടങ്ങിയത്.
പ്രവിശ്യ ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിന്റെ ഖസീം ഓഫിസ് ദേശീയ പാചകകല അതോറിറ്റിയുടെയും ബുറൈദ മുനിസിപ്പാലിറ്റിയുടെയും പങ്കാളിത്തത്തോടെയാണ് 'ഡേറ്റ്സ് ഫെസ്റ്റിവൽ 2022' സംഘടിപ്പിക്കുന്നത്. മേള എട്ടു ദിവസം പിന്നിട്ടപ്പോൾ ഏഴു കോടിയോളം റിയാലിന്റെ വിൽപനയാണ് ഇവിടെ നടന്നത്. 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നഗരിയിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് വന്നുപോകുന്നത്. 45 ഇനങ്ങളിലായി മൂന്ന് ലക്ഷം ടൺ ഈത്തപ്പഴം നഗരി വഴി കടന്നുപോകും.
ഈന്തപ്പന കൃഷി, പരിചരണം, വിളവെടുപ്പ്, ഉൽപന്ന വിപണനം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് സെമിനാറുകളിലും സംശയനിവാരണ ക്ലാസുകളിലും വലിയ ജനപങ്കാളിത്തമുണ്ട്. 'കലീജ' അടക്കമുള്ള പരമ്പരാഗത പലഹാരങ്ങളും ഈത്തപ്പഴം കൊണ്ട് നിർമിക്കുന്ന ഭക്ഷണസാധനങ്ങളും നഗരിയിലെ സ്റ്റാളുകളിൽ നിന്ന് സന്ദർശകർക്ക് വാങ്ങാം. കരകൗശല വസ്തുക്കളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഈത്തപ്പഴ കാർഷിക മേഖലകളിലൊന്നായ ഖസീം പ്രവിശ്യയിൽ 20 ലക്ഷത്തിലധികം ഈന്തപ്പനകൾ ഉണ്ടെന്നാണ് കൃഷി മന്ത്രാലയത്തിന്റെ കണക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

